കോലിക്ക് പിന്‍ഗാമിയെ തേടി ക്രിക്കറ്റ് ലോകം; രോഹിത് ശര്‍മക്ക് സാധ്യത; ആരാവും അമരത്ത്?

ടെസ്റ്റ് ക്യാപ്റ്റന്‍സിയില്‍  വിരാട് കോലിക്ക് പിന്‍ഗാമിയെ തേടുകയാണ് ക്രിക്കറ്റ് ലോകം.. ലിമിറ്റഡ് ഓവര്‍ നായകനായ രോഹിത് ശര്‍മ തന്നെയാകും ടെസ്റ്റിലും നായകനാവുകയെന്നാണ് സൂചനകള്‍.. പക്ഷേ മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും മറ്റുചില പേരുകളും മുന്നോട്ട് വയ്ക്കുന്നുണ്ട്.

 വിരാട് കോലിക്ക് പകരക്കാരന്‍ ആര്..? കുറച്ച് ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ആലോചനയിലാണ്... ട്വന്റി ട്വന്റിയിലും ഏകദിനത്തിലും കോലിയുടെ പിന്‍ഗാമിയായ രോഹിത് ശര്‍മതന്നെയാകും ടെസ്റ്റിലും ടീമിനെ നയിക്കുക എന്നാണ് സൂചനകള്‍. പക്ഷേ മൂന്ന് ഫോര്‍മാറ്റിലും രോഹിതിനെ ക്യാപ്റ്റനാക്കുന്നത് ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. മറ്റ് ചില പേരുകളും വിദഗ്ധര്‍ മുന്നോട്ട്വയ്ക്കുന്നുണ്ട്. നായകസ്ഥാനം കെ.എൽ.രാഹുലിനെ ഏൽപ്പിക്കണമെന്ന് മുൻ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദലെയുടെ അഭിപ്രായം. 29 വയസു മാത്രം പ്രായമുള്ള രാഹുലിന് ദീർഘകാലം ടീമിനെ നയിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ കാലം ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയുന്ന ആളായിരിക്കണമെന്നും ജഗ്ദലെ പിടിഐയോട് പറഞ്ഞു. എന്നാല്‍ ഋഷഭ് പന്തിനെ ക്യാപ്റ്റനാക്കണമെന്നാണ് മുന്‍ താരം സുനില്‍ ഗവാസ്കറിന്റെ നിലപാട്. 

ഉത്തരവാദിത്ത ബോധം പന്തിനെ കളിയുടെ എല്ലാ രൂപത്തിലും മികച്ച ക്രിക്കറ്റ് കളിക്കാരനാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ഗവാസ്കർ വ്യക്തമാക്കി. റിക്കി പോണ്ടിംഗ് സ്ഥാനമൊഴിഞ്ഞപ്പോൾ രോഹിത് ശർമ്മയ്ക്ക് മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം നൽകിയത് പോലെ. അതിനുശേഷം അദ്ദേഹത്തിന്റെ ബാറ്റിംഗിലെ മാറ്റം നോക്കൂ. പെട്ടെന്ന് ക്യാപ്റ്റൻ എന്ന ഉത്തരവാദിത്തം സെഞ്ചുറികളിലേക്കും 150കളിലേക്കും 200കളിലേക്കും മാറ്റാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു," ഗവാസ്കർ പറഞ്ഞു. ഏതായാലും വളരെ വേഗം തന്നെ സസ്പെന്‍സ് അവസാനിപ്പിച്ച് ടെസ്റ്റ് ടീം ക്യാപ്റ്റനെ ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍