കേരളത്തിന്റെ ആര്‍.കെ.സൂരജ് മിസ്റ്റര്‍ ഇന്ത്യ; സ്വര്‍ണമെഡല്‍ 55കിലോഗ്രാം വിഭാഗത്തില്‍

തെലങ്കാനയില്‍ നടന്ന മിസ്റ്റര്‍ ഇന്ത്യ ചാംപ്യന്‍ഷിപ്പിലെ 55കിലോഗ്രാം വിഭാഗത്തില്‍ കേരളത്തിന്റെ ആര്‍.കെ.സൂരജ് സ്വര്‍ണമെഡല്‍ നേടി. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂരജ്  മല്‍സരരംഗത്തേക്ക് തിരിച്ചെത്തിയത്. ഇടവേളയ്ക്ക് ശേഷമുള്ള മിസ്റ്റര്‍ ഇന്ത്യ പട്ടത്തില്‍ അഭിമാനം ഉണ്ടെന്നും മിസ്റ്റര്‍ ഏഷ്യ ചാംപ്യന്‍ഷിപ്പിന് ഇത് പ്രചോദനം ആകുമെന്നും സൂരജ് പറഞ്ഞു. 

ഏഴ് കംപല്‍സറി പോസിങ്ങിലും മ്യൂസിക്കല്‍ പോസിങ്ങിലും മികവ് കാട്ടിയ ആര്‍.കെ.സൂരജ്, അനാട്ടമിക്കല്‍ അസസ്മെന്റിലും മുന്നില്‍ത്തന്നെയെത്തി. 2016ല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മല്‍സരരംഗം വിട്ട സൂരജ് നീണ്ട ഇടവേളയ്ക്ക് ശേഷം മിസ്റ്റര്‍ ഇന്ത്യ പോരാട്ടത്തിന് ഇറങ്ങിയത് ദീര്‍ഘനാളത്തെ പരിശീലനത്തിന് ശേഷമാണ്. ഇതിനായി 20കിലോയോളം തൂക്കം കുറച്ചു. ജെറി ലോപ്പസിന്റെ പരിശീലനത്തിന് കീഴില്‍ തെലങ്കാനയില്‍ 55കിലോ വിഭാഗത്തില്‍ മല്‍സരിച്ച സൂരജ് മറ്റ് മല്‍സരാര്‍ഥികളെ നിഷ്പ്രഭരാക്കി.

മിസ്റ്റര്‍ കേരള ഓവറോള്‍ ചാംപ്യന്‍ഷിപ്പും മിസ്റ്റര്‍ ഏഷ്യ നാലാംസ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 2012ലായിരുന്നു മിസ്റ്റര്‍ ഏഷ്യയിലെ നാലാംസ്ഥാനം. മിസ്റ്റര്‍ ഇന്ത്യ പട്ടം നേടിയെത്തിയ എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശിയായ സൂരജിന് എറണാകുളം ബോഡി ബില്‍ഡേഴ്സ് അസോസിയേഷന്‍ റയില്‍വേസ്റ്റേഷനില്‍  ഉജ്വല സ്വീകരണം നല്‍കി.