നവീകരണത്തിനൊരുങ്ങി പത്തനംതിട്ട ജില്ലാ സ്റ്റേഡിയം; ഭൂമി പരിശോധന അടുത്തയാഴ്ച

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവീകരണത്തിന് വീണ്ടും ജീവന്‍ വെയ്ക്കുന്നു. കിഫ്ബിയില്‍ നിന്നു ഫണ്ടു ലഭിക്കുന്നതിനുള്ള തടസം നീക്കാൻ അടുത്തയാഴ്ച വീണ്ടും ഭൂമി പരിശോധന നടത്തും.ആധുനിക സ്റ്റേഡിയം നിർമിക്കാൻ  ഒരു വർഷം മുന്‍പ് ധാരണാപത്രം ഒപ്പുവച്ചെങ്കിലും നടപടികൾ ഇഴയുകയായിരുന്നു. 

അന്‍പതുകോടി മുടക്കി ജില്ലാ സ്റ്റേഡിയം നവീകരിക്കാന്‍ 2019 ല്‍ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍ കോവിഡും നിയമസഭ തിരഞ്ഞെടുപ്പും മറ്റും കാരണം നിര്‍മാണം ആരംഭിക്കാനായില്ല. ഇതിനിടെ കനത്ത മഴയില്‍ പലതവണ സ്റ്റേഡിയം വെള്ളത്തിനടിയിലായി. ഇതു കാരണം ഫണ്ട് അനുവദിക്കാന്‍ കിഫ്ബിക്ക് താല്‍പര്യം കുറഞ്ഞു. പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ സ്റ്റേഡിയം നവീകരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എട്ട് വരി സിന്തറ്റിക് ട്രാക്ക്, നീന്തൽക്കുളം, ഫുട്ബോൾ,ക്രിക്കറ്റ്, ഹോക്കി മൈതാനം എന്നിവ ഉള്‍പ്പടെ രാജ്യാന്തര മല്‍സരങ്ങൾ നടത്താൻ പാകത്തിലുള്ള സ്റ്റേഡിയമാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.