ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യജയം; ഒഡിഷയെ 2–1ന് കീഴടക്കി

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യജയം. ഒഡീഷ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചു. ആദ്യരണ്ട് മല്‍സരത്തിലും വന്‍മാര്‍ജിനില്‍ ജയിച്ച ഒഡീഷയക്കെതിരെ നേടിയ ജയം ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം നല്‍കും.ഒന്നില്‍ പിഴച്ചാല്‍ നാലെന്നാണ് ബ്ലാസ്റ്റേഴ്സിന്റെ കണക്ക്. നാലുമല്‍സരം നീണ്ട കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ കാത്തിരുന്ന വിജയം.

മല്‍സരത്തിന്റെ അവസാനനിമിഷത്തിലൊഴിച്ചാല്‍ അടിമുടി മാറിയ ബ്ലാസ്റ്റേഴ്സിനെയാണ് മൈതാനത്ത് കണ്ടത്. അഡ്രിയാന്‍ ലൂണ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ഹാവി ഹെര്‍ണാണ്ടസും അരിഡൈ കബ്‌രേരയും ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം ലക്ഷ്യമാക്കി പാഞ്ഞെങ്കിലും പ്രതിരോധവും ആല്‍ബിനോയും ഉറച്ചുനിന്നു. ഹെന്‍ഡ്രി അന്റോനെയുടെ നീക്കവും ആല്‍ബിനോ നിഷ്പ്രഭമാക്കി.  ഗോള്‍ മാത്രം പക്ഷേ ആദ്യപകുതിയില്‍ പിറന്നില്ല. രണ്ടാംപകുതിയില്‍ ഇരുടീമും ആക്രമണംകടുപ്പിച്ചു.62–ാം മിനിറ്റില്‍ ഡെഡ് ലോക്ക് അല്‍വാരോ വാസ്ക്വെസ് ഗാര്‍സിയതകര്‍ത്തു. 85–ാം മിനിറ്റില്‍ വീണ്ടും അഡ്രിയാന്‍ ലൂണയുടെ അളന്ന് മുറിച്ച പാസ്. പ്രശാന്തിന് ലക്ഷ്യം തെറ്റിയില്ല.

കളിതീരാന്‍ നിമിഷങ്ങള്‍മാത്രം ശേഷിക്കെ ഒഡീഷ തിരിച്ചടിച്ചെങ്കലും ബ്ലാസ്റ്റേഴ്സിന്റെ ജയത്തിന് തടയിടാനായില്ല. രണ്ട് അസിസ്റ്റും മൂന്ന് ഷോട്ടുകളുമായി കളം നിറഞ്ഞ അഡ്രിയാന്‍ ലൂണയാണ് മഞ്ഞപ്പടയുടെ ജയത്തില്‍ നിര്‍ണായകമായത്. മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശംവച്ചതും ബ്ലാസ്റ്റേഴ്സാണ്.