‘ബ്ലാസ്റ്റേഴ്സ് ആരാധകര്‍ സമ്മര്‍ദമല്ല; വിജയത്തിന് പ്രചോദനം: നന്ദി’

വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കുന്നതോടെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഐഎസ്എല്ലില്‍ നിര്‍ണായകമാകുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വികുമനോവിച്ച്. ആരാധകര്‍ക്ക് സര്‍പ്രൈസാകുന്ന നിമിഷങ്ങള്‍ ഇക്കുറി കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് പ്രതീക്ഷിക്കാമെന്നാണ്  പരിശീലകന്റെ വാഗ്ദാനം. 

വിദേശതാരങ്ങള്‍

വിദേശതാരങ്ങളെല്ലാം മികച്ചതാണ്. അവര്‍ക്ക് അധികമായി ചില കാര്യങ്ങള്‍ ടീമിലേക്ക് കൊണ്ട് വരാനാകും. ടീമിന്‍റെ ആകെ മികവിനെ തന്നെ ഉയര്‍ത്താന്‍ കഴിയുന്നവരാണിവര്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇവരില്‍ നിന്ന് ഏറെ പഠിക്കാനാകും. ഒപ്പം വിദേശതാരങ്ങള്‍ക്കും ഒട്ടേറെ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമാണ്.

കളത്തിലെ വര്‍ത്തമാനം

താരങ്ങള്‍ക്കിടയിലെ ആശയവിനിമയം ഒരു പ്രശ്നമല്ല ഇത്തവണ. സിപോവിച്ചിനെയും ലെസ്കോവിച്ചിനെയും നോക്കൂ. അവര്‍ വരുന്നത് ബോസ്നിയയില്‍ നിന്നും ക്രൊയേഷ്യയില്‍ നിന്നുമാണ്. പക്ഷേ അവരുടെ ഭാഷ ഒന്നാണ്. ഡിയാസ്, വാസ്ക്വസ്, ലൂണ.. ഇവര്‍ മൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പക്ഷേ ഈ മൂന്നു പേരുടെയും സംസാരഭാഷ സ്പാനിഷാണ്. അതുകൊണ്ട് ആശയവിനിമയം ഒരു പ്രശ്നമല്ല. ചെഞ്ചോ ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കും. കഴിഞ്ഞ സീസണില്‍ പല ഭാഷകള്‍ സംസാരിക്കുന്ന താരങ്ങള്‍ വന്നത് ആശയവിനിമയത്തില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. ആശയവിനിമയം കൂടി കണക്കിലെടുത്താണ് ഇത്തവണത്തെ വിദേശ സൈനിങ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് കൂടി സംസാരിക്കാന്‍ കഴിയുന്നവരാണ് വിദേശതാരങ്ങളെല്ലാം

കളിയിലെ കാര്യം

ചെലപ്പോള്‍ മോശമായി കളിക്കുന്ന ഒരു ദിവസം നിങ്ങള്‍ കളി ജയിച്ചേക്കാം. മറ്റ് ചിലപ്പോള്‍ എത്ര മികവില്‍ കളിച്ചാലും ജയിക്കാനാകില്ല. അത് ഇതിന്‍റെ ഭാഗമാണ്. ഞാന്‍ അടിസ്ഥാന തത്വങ്ങളില്‍ ഊന്നി ഒരു മികച്ച ടീമിനെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പോരാട്ടവീര്യവും മല്‍സരക്ഷമതയുമുള്ള ഒരു ടീമിനെ സൃഷ്ടിക്കാനാകണം. കൂടുതല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുക, ഗോളുകള്‍ വഴങ്ങാതിരിക്കുക. ഇതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം

ആരാധകര്‍ സമ്മര്‍ദമല്ല, പ്രചോദനം

ബ്ലാസ്റ്റേഴ്സിന് ഇത്രയധികം ആരാധകരുള്ളത് ക്ലബ്ബ് മികച്ചതായതു കൊണ്ട്. അത് അങ്ങനെയാണ് വേണ്ടത്. ടീം വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വിദേശതാരങ്ങള്‍ക്ക് പോലും അറിയാം ഈ ടീമില്‍ നിന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട് എന്ന്. ഈ ആരാധക പിന്തുണ ഞങ്ങള്‍ക്ക് സമ്മര്‍ദമല്ല, പ്രചോദനമാണ്. 

ISL - 8 സാധ്യതകള്‍

തുല്യശക്തികളുടെ പോരാട്ടമായിരിക്കും ഇത്തവണ. ഏത് ടീമിനും ഏത് ടീമിനെ വേണമെങ്കിലും തോല്‍പിക്കാവുന്ന അവസ്ഥ. വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ മികച്ച ഇന്ത്യ താരങ്ങളുള്ള ടീമുകള്‍ക്ക് സാധ്യതയേറെയാണ്. ഇത് മനസിലാക്കി ടീമുകളും യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു

ആരാധകരോട്...

ആരാധകരുടെ പിന്തുണ ഏറെ സന്തോഷം പകരുന്നു. ഇവിടെ എത്തിയത് മുതല്‍ അവര്‍ നല്‍കുന്ന പിന്തുണ ഹൃദ്യമാണ്. അവര്‍ സമ്മാനിച്ച എല്ലാ മനോഹര നിമിഷങ്ങള്‍ക്കും നന്ദി. ഈ വ‍ര്‍ഷം മികച്ച പ്രകടനം കാഴ്ച വയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന പ്രകടനമായിരിക്കും ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്‍റേത്