ഓസ്ട്രേലിയൻ ക്രിക്കറ്റിന് തിരിച്ചുവരവ്; കിരീടനേട്ടം പുത്തൻ ഊർജം

ആദ്യ ട്വന്റി–20 കിരീടത്തിനുമപ്പുറം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ തിരിച്ചുവരവിനാണ് ദുബായ് സാക്ഷിയായത്. 2015ന് ശേഷം പലകാരണങ്ങളാല്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് പുത്തന്‍ ഊര്‍ജമാകും ഈ കിരീടനേട്ടം.

ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ പതനത്തിനായി ലോകം കാത്തിരുന്നു.പക്ഷേ ഒരുതാഴ്ചയ്ക്ക് ഒരു ഉയര്‍ച്ച ഉണ്ടെന്ന് അവര്‍ മറന്നുപോയി.2015–ലെ ഏകദിന ലോകകപ്പ് കിരീടനേട്ടത്തിന് ശേഷം ലോകം സാക്ഷിയായത് ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ പതനത്തിന്. പന്തുചുരണ്ടല്‍ വിവാദം ഓസീസിന്റെ അടിവേരിളക്കി.  സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ക്രിക്കറ്റില്‍ നിന്ന് പടിയിറക്കപ്പെട്ടു. കുറ്റബോധം താങ്ങാതെ  സ്മിത്ത് ലോകത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞു. 

സ്വന്തം രാജ്യവും ആരാധകരും പോലും ടീമിനെ തള്ളിപ്പറഞ്ഞു. ഉറച്ച കോട്ടയെന്ന് കരുതിയില്‍ ഗാബയിലടക്കം തകര്‍ന്നടിഞ്ഞു. ഒരുവര്‍ഷത്തിന് ശേഷം സ്മിത്തും വാര്‍ണറും തിരിച്ചെത്തിയിട്ടും കഥമാറിയില്ല. ഏകദിനത്തിലും ട്വന്റി–20യിലും ടെസ്റ്റിലും സ്വന്തം മണ്ണില്‍ പരമ്പര നഷ്ടങ്ങളും ദയീന പരാജയങ്ങളും ഏറ്റവാങ്ങി. ഓസ്ട്രേലിയയെന്ന് േകട്ടാല്‍ ഞെട്ടി വിറച്ചിരുന്ന എതിരാളികള്‍ എഴുതിത്തള്ളാന്‍ തുടങ്ങി.

ഈ ലോകകപ്പില്‍ ഒരിക്കല്‍ പോലും ഫേവറിറ്റുകളായിരുന്നില്ല ഓസീസ്. മോശം ഫോമിെനത്തുടര്‍ന്ന് ഡേവിഡ് വാര്‍ണര്‍ നിരന്തരം ക്രൂശിക്കപ്പെട്ടു. ഈ ടീമിനെ ആരും ഭയക്കുന്നില്ലെന്ന് ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ തന്നെ വിമര്‍ശിച്ചു. ടി–20യില്‍ വിജയശതമാനം 27 വരെയായി. ചരിത്രത്തിലാദ്യമായാണ് ഓസീസിന്റെ വിജയശതമാനം 30–ല്‍ താഴുന്നത്. അവിടെ നിന്നാണ് ഈ തിരിച്ചുവരവ്.