ഒളിംപിക്സ് വെള്ളിമെഡൽ ലേലത്തിന് വച്ചു; കുഞ്ഞിന്റെ ജീവൻ കാക്കാൻ; കയ്യടിച്ച് ലോകം

എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ തന്റെ ഒളിംപിക്സ് വെള്ളി മെഡൽ ലേലം ചെയ്ത് പോളിഷ് ജാവലിൻ ത്രോ താരം മരിയ ആൻഡ്രെജിക്. മിലോസെക് എന്ന കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഈ ദൗത്യം. കുഞ്ഞിനെ അവസ്ഥ ഗുരുതരമാണെന്ന് അറിഞ്ഞ താരം മറ്റൊന്നും നോക്കാതെ ടോക്കിയോ ഒളിംപിക്സിൽ തനിക്ക് ലഭിച്ച വെള്ളി മെഡൽ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഈ കുഞ്ഞും താരവുമായി ഒരു ബന്ധവും പരിചയവും പോലുമില്ല എന്നതും ലോകത്തിന്റെ പ്രശംസ നേടുന്നു.

സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സബ്ക പോൾസ്‌കയാണ് 125,000 യുഎസ് ഡോളറിന് മെഡൽ സ്വന്തമാക്കിയത്. ചികിൽസയ്ക്കുള്ള ആവശ്യമായ 90 ശതമാനം തുക ഇതിനോടകം ലഭിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിന്നീട് ലേലത്തിൽ സ്വന്തമാക്കിയ മെഡലും ഇവർ താരത്തിന് തിരിച്ചുനൽകി. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി യുഎസിലെ ആശുപത്രിയിൽ ചികിൽസയിലാണ് ഇപ്പോൾ കുഞ്ഞ്. 2016ൽ രണ്ട് സെന്റിമീറ്റർ വ്യത്യാസത്തിൽ മെഡൽ നഷ്ടമായ താരമാണ് മരിയ. 2018ൽ ഇവരെ തേടി കാൻസറും എത്തി. ഇതിനെയെല്ലാം അതിജീവിച്ചാണ് മരിയ ടോക്കിയോയിൽ മെഡൽ നേടിയത്.