നാടിന്‍റെ രുചി; ഒളിംപിക്സ് വില്ലേജില്‍ ഭക്ഷണമൊരുക്കി ദക്ഷിണ കൊറിയ

ഒളിംപിക്സിന് ഇറങ്ങുന്ന താരങ്ങള്‍ക്ക് ഭക്ഷണവും ഒരു പ്രധാനപ്പെട്ട സംഗതിയാണ്. ഗെയിംസ് വില്ലേജിന് തൊട്ടടുത്ത് ഒരു ഹോട്ടല്‍ മൊത്തം വാടകയ്ക്കെടുത്താണ് ദക്ഷണ കൊറിയന്‍ താരങ്ങള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നത്.

ഇത് ഹാന്‍ ജങ്. 35 വര്‍ഷമായി ദക്ഷിണകൊറിയന്‍ ഒളിംപ്യന്‍മാരുടെ ന്യൂട്രിഷനിസ്റ്റ്. ഹാനിന്റെ കീഴിലുള്ള 16 അംഗ സംഘമാണ് ഗെയിംസ് വില്ലേജിലുള്ള ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്ക് ഭക്ഷണം ഉണ്ടാക്കി എത്തിച്ച് നല്‍കുന്നത്. 400 ഓളം ഭക്ഷണപ്പൊതികള്‍ ഒരുദിവസം തയ്യാറാക്കും. ഭക്ഷണത്തിനായി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും ആണവവിമുക്തമാണെന്ന് ഉറപ്പാക്കിയാണ് ഉപയോഗിക്കുന്നത് തന്നെ. ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ സ്വന്തമായി ഭക്ഷണമുണ്ടാക്കുന്ന കൊറിയന്‍ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഫുക്കുഷിമ ദുരന്തത്തിന് ശേഷം ജപ്പാനില്‍ നിന്നുള്ള സീ ഫുഡ് ഇറക്കുമതിയില്‍ ദക്ഷിണ കൊറിയ ഗണ്യമായ കുറവ് വരുത്തിയിരുന്നു. അതിനിടെ ഒളിംപിക്സ് വില്ലേജില്‍ നല്‍കുന്ന ഭക്ഷണം സുരക്ഷിതമാണെന്ന്  ഗെയിംസ് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ കൊറിയന്‍ സ്പോര്‍ട്സ് ആന്‍ഡ് ഒളിംപിക്് കമ്മിറ്റി നിലപാട് ഇങ്ങനെയാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഭക്ഷണക്രമമുണ്ട്.

ഒളിംപിക്സിനിടയിലും നാടിന്റെ അനുഭവം അത്‌ലീറ്റുകള്‍ക്ക് നല്‍കാനും അവരുടെ സമ്മര്‍ദം കുറയ്ക്കാനുമാണ് ഇത്. കോവിഡ് കൂടിയായതിനാല്‍ താരങ്ങളുടെ സുരക്ഷിതത്വംകൂടി കണക്കിലെടുത്താണ് നടപടി. ഫുക്കിഷമയടക്കം എട്ട് ഇടങ്ങളില്‍ നിന്നുളള ഭക്ഷ്യവസ്തുക്കള്‍ ഒന്നുംതന്നെ ഉപയോഗിക്കരുതെന്ന് മാന്വലില്‍ പറയുന്നു. കിംച്ചി, സീ വീഡ് തുടങ്ങി എട്ട് തരത്തിലുള്ള ഭക്ഷമാണ് നല്‍കുന്നത്. ബാഡ്മിന്റന്‍ താരം ഹിയോ ക്വാങ് ഹീ ഉള്‍പ്പടെയുള്ളവര്‍ ഈ ഭക്ഷണമാണ് സുരക്ഷിതമെന്ന് കരുതുന്നു.