നീന്തൽകുളത്തിലെ വേഗക്കാരനാവാൻ സജൻ; കടുത്ത മത്സരം; ഇന്ത്യൻ പ്രതീക്ഷ

വലിയ ആത്മവിശ്വാസത്തോടെയാണ് ടോക്കിയോയില്‍ സജന്‍ പ്രകാശെത്തുന്നത്. ഏ കാറ്റഗറിയില്‍ യോഗ്യത നേടിയ സജന് നീന്തല്‍ക്കുളത്തില്‍ എത്ര മുന്നേറാനാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്

2021 ജൂണ്‍ 26....അന്നാണ് സജന്‍ പ്രകാശ് എന്ന ഇടുക്കിക്കാരന്‍ ചരിത്രത്തില്‍ തന്റെ പേരെഴുതിച്ചേര്‍ത്തത്. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈസില്‍ ഏ കാറ്റഗറിയില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരനായി കേരളത്തിന്റെ സ്വന്തം സജന്‍. 

ഇന്ന് മറ്റൊരു ഇരുപത്തിയാറിന് സജന്‍ ടോക്കിയോയിലിറങ്ങുമ്പോള്‍ രാജ്യമാകെ ആവേശത്തിലാണ്. അത്‍ലീറ്റുകൂടിയായ അമ്മയ്ക്കൊപ്പം അഞ്ചാം വയസുമുതലാണ് സജന്‍ നീന്തല്‍ പരിശീലിച്ച് തുടങ്ങിയത്. പൊലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ സജന് ടോക്കിയോയില്‍ എത്രകണ്ട് മുന്നേറാനാകുമെന്ന് കാത്തിരുന്ന് തന്നെ കാണാം

2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസ് മുതലാണ് സജന്‍ താരമാകുന്നത്. ആറ് സ്വര്‍ണമുള്‍പ്പടെ നീന്തല്‍ക്കുളത്തില്‍ നിന്ന് മെഡല്‍ചാകരയുമായാണ് സജന്‍ വരവറിയിച്ചത്. റിയോയില്‍ ഇരുപത്തിയേഴാം സ്ഥാനത്തായിരുന്നു സജന്‍. രണ്ടാം ഒളിംപിക്സിനെത്തുമ്പോള്‍ മെഡല്‍ സാധ്യതകള്‍ വിദൂരമെങ്കിലും സജന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.