താരങ്ങളെ വലച്ച് ജപ്പാനിലെ ചൂട്; ടെന്നീസ് ഫെഡറേഷനെ ചോദ്യം ചെയ്ത് ജോക്കോവിച്ച്

മെഡല്‍ പോരാട്ടത്തിന്റെ ചൂടിനേക്കാള്‍ ജപ്പാനിലെ ചൂടാണ് ചര്‍ച്ചാ വിഷയം. പ്രകടനത്തെ പോലും കാലാവസ്ഥ ബാധിക്കുന്നതായി താരങ്ങള്‍ പറയുന്നു.ഗോള്‍ഡന്‍ സ്ലാമിലേക്കുള്ള യാത്രയേക്കാള്‍ ജോക്കോ വാചാലനായത് ചൂടിനെക്കുറിച്ച്. സഹിക്കാനാകാത്ത ചൂടാണ്. സത്യമായിട്ടും എനിക്ക് മനസിലാകുന്നില്ല എന്തിനാണ് മല്‍സരങ്ങള്‍ മൂന്ന് മണിക്ക് തന്നെ തുടങ്ങന്നതെന്ന്. 

രാജ്യാന്തര ടെന്നിസ് ഫെഡറേഷനാണ് ഇതിന് വ്യക്തമായ മറുപടി പറയേണ്ടതെന്നും ജോക്കോ. കൂടുതല്‍ ചൂടേറിയ സമയത്ത് തന്നെ മല്‍സരം നടത്താന്‍ തീരുമാനിച്ചത് എന്തിനാണ്്. ഈ തീരുമാനം മാറ്റാന്‍ സാധ്യത കുറവാണെന്നറിയാം. എങ്കിലും അനുകൂല നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും ജോക്കോവിച്ച് പറഞ്ഞു. റഷ്യന്‍താരം ഡാനില്‍ മെദ്‌വദേവും ടോക്കിയോയിലെ ഹ്യുമിഡിറ്റി അസഹനീയമാണെന്ന് അഭിപ്രായപ്പെട്ടുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണണങ്ങളും പ്രവചനാതീതമായ കാലാവസ്ഥയും കണക്കിലെടുത്ത് മല്‍സര സമയം മാറ്റാനാകില്ലെന്നാണ് ടെന്നിസ് ഫെഡറേഷന്റെ നിലപാട്. 

പുരുഷന്‍മാരുടെ  റോഡ് റേസില്‍  താരങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. റഷ്യന്‍ അമ്പെയ്ത്ത് താരം  സ്വെറ്റ്‌ലാനെ കഴിഞ്ഞ ദിവസം തല കറങ്ങി വീണിരുന്നു.