വിമ്പിള്‍ഡന്‍ പുരുഷസിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്

നൊവാക് ജോക്കോവിച്ച് വിമ്പിള്‍ഡന്‍ പുരുഷചാംപ്യന്‍. ഓസ്ട്രേലിയന്‍ താരം നിക് കിറിയോസിനെ ഒന്നിനെതിരെ മൂന്ന് െസറ്റിന് തോല്‍പിച്ചു. സ്കോര്‍–3–6, 6–3, 6–4, 7–6. ഗ്രാന്‍സ്‌ലാം കിരീടനേട്ടത്തില്‍ ജോക്കോ റോജര്‍ ഫെ‍‍ഡററെ മറികടന്നു. ആകെ ഗ്രാന്‍സ്‌ലാം സിംഗിള്‍സ് കിരീടങ്ങളുടെ എണ്ണം 21ആയി

ആദ്യസെറ്റ് നഷ്ടമായ ശേഷമുള്ള കിരീടധാരണം മാത്രമല്ലിത്, ഒരിടവേളയ്ക്ക് ശേഷം ഗ്രാന്‍സ്‌ലാംവേട്ട വീണ്ടും തുടരുകയാണ് ജോക്കോ. അവസാനിപ്പിച്ചിടത്ത് നിന്നുള്ള തുടക്കം. കഴിഞ്ഞ വര്‍ഷം ഇതേ സെന്റര്‍കോര്‍ട്ടിലാണ്  ഇതിന് മുന്‍പ് അവസാനമായി ഗ്രാന്‍സ്‌ലാം ഉയര്‍ത്തിയത്.

ആദ്യഗ്രാന്‍സ്‌ലാം ഫൈനലിന്റെ പകപ്പില്ലാതെ കിറിയോസ് തുടങ്ങിയപ്പോള്‍ ആദ്യ സെറ്റ് 4–6ന് ജോക്കോയ്ക്ക് നഷ്ടം. ഇത് ജോക്കോയുടെ പതിവായതിനാല്‍ സെന്റര്‍കോര്‍ട്ട് തിരിച്ചുവരവുറപ്പിച്ചു. രണ്ടും മൂന്നും സെറ്റ് അനായാസം നേടി അയാളത് ഉറപ്പിച്ചു. 

കൈപ്പിടിയില്‍ നിന്ന് മല്‍സരം നഷ്ടമാകുന്നതറിഞ്ഞതോടെ കിറിയോസിന് പലകുറി നിയന്ത്രണം നഷ്ടപ്പെട്ടു. വീണ്ടും കോര്‍ട്ടിലെ തല്ലുകൊള്ളി പയ്യനിലേക്ക്. കാണികളുടെ മോശം പെരുമാറ്റവും അതിനെതിെര തുടര്‍ച്ചയായി ഓസ്ട്രേലിയന്‍താരം പരാതി നല്‍കുന്നതിനും പുല്‍ക്കോര്‍ട്ട് സാക്ഷിയായി. മല്‍സരം നാലാംസെറ്റിലേക്ക്. കിറിയോസിന്റെ അത്യുഗ്രന്‍ തിരിച്ചുവരവ്. സ്കോര്‍ 6–6ലേക്ക് നീങ്ങിയതോടെ മല്‍സരം അഞ്ചാംസെറ്റിലേക്കെന്ന് തോന്നിച്ചു. ടെന്‍ഷന്‍ കണ്ടുനിന്നവര്‍ക്ക് മാത്രം. സൂപ്പര്‍ കൂളായി ടൈബ്രേക്കറില്‍ കിറിയോസിനെ നേരിട്ടു ജോക്കോ.  

തുടര്‍ച്ചയായ നാലാം വിമ്പിള്‍ഡന്‍ കിരീടം. സെന്റര്‍കോര്‍ട്ടില്‍ വിജയം ഏഴാംവട്ടം. വിംബിള്‍ഡന്‍ കിരീടനേട്ടത്തില്‍ പീറ്റ് സാംപ്രസിനൊപ്പം. സെന്റര്‍ കോര്‍ട്ടില്‍ തോല്‍വിയറിയാതെ 28 മല്‍സരങ്ങൾ