ഉന്നംപിടിച്ച് റെക്കോര്‍ഡുകള്‍; ദുരിതങ്ങളെ ആര്‍ജവത്തോടെ മറികടന്ന ദീപിക കുമാരി

കഷ്ടപ്പാടുകളേയും ദുരിതത്തേയും ആര്‍ജവത്തോടെ മറികടന്നാണ് ജാര്‍ഖണ്ഡുകാരി ദീപിക കുമാരി ഉന്നംപിടിച്ച് റെക്കോര്‍ഡുകള്‍ കീഴടക്കിയത്. അറിയാം ദീപികയുടെ കഥ.

പൗലോ കൊയ്‌ലോ പണ്ട് പറഞ്ഞിട്ടുണ്ട്. അതിയായി നമ്മള്‍ എന്തെങ്കിലും ആഗ്രഹിച്ചാല്‍ അത് നടപ്പാക്കാന്‍ ലോകം മുഴുവന്‍ നമുക്ക് ഒപ്പം നില്‍ക്കുമെന്ന്. അന്ന് കുഞ്ഞു ദീപിക ആത്മാര്‍ഥമായി ആഗ്രഹിച്ചപ്പോള്‍ കാലം അവള്‍ക്കൊപ്പം നിന്നു. മകളെ ഡോക്ടറാക്കണമെന്നായിരുന്നു നഴ്സായിരുന്ന അമ്മയുടെ ആഗ്രഹം. പക്ഷേ പിഴയ്ക്കാത്ത  ഉന്നങ്ങള്‍ അവളെ മോഹിപ്പിച്ചുകൊണ്ടിരുന്നു. മുള കൊണ്ടുണ്ടാക്കിയ അമ്പുകള്‍ കൊണ്ട് കാട്ടിലൂടെ മരങ്ങളെ ഉന്നംപിടിച്ചവള്‍ വളര്‍ന്നു.

ഓട്ടോ തൊഴിലാളിയായ അച്ഛന് വിലയേറിയ ഉപകരണങ്ങള്‍ വാങ്ങിനല്‍കുവാനായിരുന്നില്ല. അമ്പെയ്ത്ത് അക്കാദമിയില്‍ ചേരുന്ന നേരത്ത് ദീപിക പറഞ്ഞത് ഇങ്ങനെയാണ്. മൂന്ന് മാസം കൊണ്ട് എന്റെ പ്രകടനം മെച്ചപ്പെട്ടില്ലെങ്കില്‍ എന്നെ പുറത്താക്കിക്കോളൂ.. പിന്നീട് എല്ലാം ചരിത്രം. 2006ല്‍ ടാറ്റ അക്കാദമയില്‍എത്തിയതോടെയാണ് അവള്‍ ആദ്യമായി മികച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത്. അന്നത്തെ 500 രൂപ സ്റ്റൈപെന്‍ഡിന് വലിയ വിലയുണ്ടായിരുന്നു. 15–ാം വയസില്‍ ലോക യൂത്ത് ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ ചാംപ്യനായി വരവറിയിച്ചു.2012–ല്‍ ആദ്യ ലോകകപ്പ് വിജയം. അതേവര്‍ഷം അര്‍ജുന അവാര്‍ഡ്. 2016–ല്‍ പത്മശ്രീ. പാരസില്‍ നടന്ന ലോകകപ്പിലെ ജയത്തോടെ ഒന്നാംറാങ്കിലേക്ക്.