ജീവിതത്തോടും മല്ലടിച്ച് ജാപ്പനീസ് ജനത; തിരിച്ചടികൾക്കിടയിലും തളരാതെ മുന്നോട്ട്

ഒളിമ്പിക് മൈതാനത്ത് സ്വർണം നേടാൻ പ്രയത്നിക്കുന്ന  കായികതാരങ്ങൾ മാത്രമല്ല ജീവിതത്തോട് പോരടിക്കുന്ന ഒട്ടനവധി പേരും ജപ്പാനിലുണ്ട്. ടാക്സി ഡ്രൈവർമാർ മുതൽ വൻകിട  സംരംഭകർ വരെ ഈ ഒളിമ്പിക്സിനെ അതിജീവനത്തിന്റെ  വേദിയായി കൂടി കാണുന്നു.  

കോവിഡിന്റെ  ഒന്നാം തരംഗത്തിൽ വിറങ്ങലിച്ചു നിന്നപ്പോഴും, തിരിച്ചെത്താനാകുമെന്ന പ്രതീക്ഷ രാജ്യം മുറുകെ പിടിച്ചു. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്  രണ്ടാംതരംഗത്തെയും നേരിട്ടു. മൂന്നാം തരംഗത്തിന്റെ ആദ്യ സൂചനകൾ വന്നപ്പോഴേക്കും ഒളിമ്പിക്സിനു മുന്നോടിയായി ഇപ്പോൾ വീണ്ടും അടിയന്തരാവസ്ഥയിൽ ആണ് ജപ്പാനുള്ളത്. ടോക്കിയോ ഹനൈഡാ അന്താരാഷ്ട്ര വിമാനത്താവളമാണിത്, ആളനക്കമില്ലാതെ  കിടന്ന എയർപോർട്ടിൽ ഒളിമ്പിക്സിനായി താരങ്ങളും ഒഫീഷ്യൽസും എത്തിയതോടെ താൽക്കാലികമായി സജീവമായി. നരീറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സ്ഥിതി മറിച്ചല്ല. എയർപോർട്ടുകളെയും ടോക്കിയോ നഗരത്തെയും ബന്ധിപ്പിക്കുന്ന മോണോറെയിൽ ആളില്ലാതെ ഓടേണ്ടി വന്നിരുന്നു.

ഒളിമ്പിക് മെഡൽ സ്വപ്നം കണ്ടിറങ്ങുന്ന താരങ്ങളെ കൊണ്ട് സമ്പന്നമാണ് ജപ്പാനിന്ന്. എന്നാൽ ജീവിതം തിരികെ പിടിക്കാനുള്ള ഓട്ടത്തിനിടയിൽ പ്രതീക്ഷ മങ്ങിയ കുറെയധികം ആളുകളെ കാണാം. ടാക്സി വാഹനമോടിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഈ ഘട്ടത്തിൽ വന്നത്. കാണികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒളിമ്പിക്സ് വേളയിൽ കൂടുതൽ  യാത്രക്കാരെ ലഭിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. ആഭ്യന്തര വിനോദസഞ്ചാര മേഖലയിലും  ജപ്പാൻ വലിയ പ്രതീക്ഷ വയ്ക്കുന്നില്ല. ഒളിമ്പിക്സ് നോടനുബന്ധിച്ച് ഇന്നുമുതൽ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആളുകൾ കൂടുതൽ നിരത്തിലിറങ്ങിയേക്കും, ഇതു മുന്നിൽകണ്ടുള്ള നടപടികളും രാജ്യത്ത് ഒരുക്കിയിട്ടുണ്ട്. ഹോട്ടൽ ഭക്ഷണത്തിന്റെ വിൽപ്പന കുറഞ്ഞതിനു പിന്നാലെ സൂപ്പർ മാർക്കറ്റുകളിൽ വലിയ തിരക്കാണ് ആഴ്ചകളായി അനുഭവപ്പെടുന്നത്.

ഒളിമ്പിക്സ് മുന്നിൽകണ്ട് വിവിധ മേഖലകളിൽ നിക്ഷേപിച്ച സംരംഭകർക്ക് തിരിച്ചടി തന്നെയാണ് ഈ ഘട്ടത്തിൽ, എന്നാലും ഒളിമ്പിക് മൈതാനത്തെ താരങ്ങളെപ്പോലെ ഒന്ന് പോരാടി നോക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.