'എല്ലാവരേയും സുരക്ഷിതരാക്കും; ഹോട്ടൽ വിടുന്ന അവസാനത്തേയാൾ ഞാൻ'‍: ധോണിക്ക് കയ്യടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ ഉപേക്ഷിച്ചതിനു പിന്നാലെ താരങ്ങളെല്ലാം സ്വദേശത്തേക്ക് മടങ്ങുകയാണ്. എന്നാൽ ടീമംഗങ്ങളും പരിശീലകരും ഉൾപ്പെടെ എല്ലാവരും നാട്ടിലേക്കു മടങ്ങിയിട്ടു മാത്രമേ താൻ ടീം ഹോട്ടൽ വിടൂ എന്ന് ചെന്നൈ സൂപ്പർ കിങ്സ് ക്യാപറ്റൻ മഹേന്ദ്രസിങ്ങ് ധോണി. വിദേശ താരങ്ങള്‍ ഉൾപ്പെടെ എല്ലാവർക്കും സ്വദേശങ്ങളിലേക്ക് മടങ്ങാൻ വഴിയൊരുങ്ങിയിട്ടു മാത്രമേ ടീം ഹോട്ടൽ വിടൂ എന്നാണ് ധോണിയുടെ തീരുമാനമെന്ന് സിഎസ്കെ ടീം വൃത്തങ്ങൾ പറയുന്നു. 

ഇന്ത്യയിൽനിന്നുള്ള  വിമാനങ്ങൾക്ക് വിവിധ രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയ സാഹചര്യത്തിൽ വിദേശ താരങ്ങളുടെ മടക്കയാത്ര പ്രതിസന്ധിയിലാണ്. ഐപിഎല്ലിന് ആഥിത്യം വഹിച്ചത് ഇന്ത്യയായതിനാൽ വിദേശ താരങ്ങൾക്കും പരിശീലക സംഘാംഗങ്ങൾക്കും നാടുകളിലേക്കു മടങ്ങിപ്പോകാൻ സൗകര്യമൊരുക്കുന്നതിന് പ്രാധാന്യം നൽകണമെന്നാണ് ധോണിയുടെ നിർദ്ദേശം. 

‘ടീം ഹോട്ടൽ വിടുന്ന അവസാനത്തെ വ്യക്തി താനായിരിക്കുമെന്ന തീരുമാനം മഹി ഭായി എല്ലാവരെയും അറിയിച്ചിട്ടുണ്ട്. വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ആദ്യം തിരിച്ചയയ്ക്കാൻ നടപടിയെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. അതിനുശേഷം ഇന്ത്യൻ താരങ്ങൾക്കും സ്വദേശങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുക്കണം. എല്ലാവരും സുരക്ഷിതരായി മടങ്ങിയശേഷമാകും ധോണി റാഞ്ചിയിലേക്ക് വിമാനം കയറുക’ സിഎസ്കെയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. 

ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സംഘാംഗങ്ങളായ മൈക്ക് ഹസ്സി, ലക്ഷ്മിപതി ബാലാജി എന്നിവർക്ക് ഉൾപ്പെടെ കോവിഡ് സ്ഥിരീകരിച്ച ഗുരുതര സാഹചര്യത്തിലാണ് ഐപിഎൽ 14–ാം സീസൺ പാതിവഴിയിൽ നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.