ദേവ്ദത്തിന് സെഞ്ചുറി, കോലിക്ക് അർധസെ​ഞ്ചുറി; ആർസിബിക്ക് 10 വിക്കറ്റ് ജയം

ഓപ്പണർമാർ കളംനിറഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു തകർപ്പൻ‌ ജയം. രാജസ്ഥാൻ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം 21 പന്തുകൾ ശേഷിക്കെ വിക്കറ്റ് നഷ്ടം കൂടാതെ ബാംഗ്ലൂർ മറികടന്നു. സ്കോർ: രാജസ്ഥാൻ: 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ്. ബാംഗ്ലൂർ: 16.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 181 റൺസ്. 52 പന്തിൽ 6 സിക്സും 11 ഫോറും ഉൾപ്പെടെ പുറത്താകാതെ 101 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ ഈ സീസണിന്റെ ആദ്യ സെ​​ഞ്ചുറി സ്വന്തമാക്കി. നായകൻ വിരാട് കോലി 47 പന്തിൽ 3 സിക്സും 6 ഫോറുമുൾപ്പെടെ 72 റൺസെടുത്തു പുറത്താകാതെ നിന്നു. വിരാട് കോലി – ദേവ്ദത്ത് പടിക്കൽ കൂട്ടുകെട്ട് അക്ഷരാത്ഥത്തിൽ രാജസ്ഥാനെ നിഷ്പ്രഭരാക്കി. ആദ്യ ഓവർ മുതൽ മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞ ഇരുവരും മത്സരം പൂർണമായി നിയന്ത്രണത്തിലാക്കി.

നേരത്തെ, തുടക്കത്തിലെ തകർച്ചയ്ക്കു ശേഷം തിരിച്ചടിച്ചാണ് രാജസ്ഥാൻ റോയൽസ് ഭേദപ്പെട്ട സ്കോർ നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ലഭിച്ച രാജസ്ഥാനു തകർച്ചയോടെയായിരുന്നു തുടക്കം. 5 ഓവർ പിന്നിട്ടപ്പോഴേക്കും മൂന്നു വിക്കറ്റുകൾ രാജസ്ഥാനു നഷ്ടമായി. ജോസ് ബട്‌ലർ (8 റൺസ്), മനൻ വോറ (7 റൺസ്), ഡേവിഡ് മില്ലർ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് രാജസ്ഥാനു തുടക്കത്തിലേ നഷ്ടമായത്. ഏതാനും മികച്ച ഷോട്ടുകളിലൂടെ നായകൻ സഞ്ജു സാംസൺ രക്ഷാപ്രവർ‌ത്തനം ആരംഭിച്ചു. എന്നാൽ അധികം വൈകാതെ സഞ്ജുവും മടങ്ങി. 28 പന്തുകൾ നേരിട്ട് ഒരു സിക്സും രണ്ടു ഫോറുമുൾ‌പ്പെടെ 21 റൺസെടുത്ത സഞ്ജുവിനെ വാഷിങ്ടൺ സുന്ദറിന്റെ ബോളിങ്ങിൽ ഗ്ലെൻ മാക്സ്‍വെൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

തുടർന്ന് ക്രീസിൽ ഒത്തുചേർന്ന ശിവം ദുബെ – റിയാൻ പരാഗ് കൂട്ടുകെട്ട് വിക്കറ്റു നഷ്ടപ്പെടുത്താതെ സ്കോർ ഉയർ‌ത്താൻ ശ്രമിച്ചു. വിലപ്പെട്ട 66 റൺസ് കൂട്ടിച്ചേർ‌ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 16 പന്തിൽ നാലു ഫോറുൾപ്പെടെ 25 റൺസെടുത്ത റിയാൻ പരാഗിനെ ഹർഷൽ പട്ടേലിന്റെ ബോളിങ്ങിൽ യുസ്‌വേന്ദ്ര ചെഹൽ ക്യാച്ചെടുക്കുകയായിരുന്നു. 32 പന്തിൽ രണ്ടു സിക്സും അഞ്ച് ഫോറുമുൾപ്പെടെ 46 റൺസെടുത്ത ശിവം ദുബെയെ കേയ്ൻ റിച്ചാഡ്സന്റെ ബോളിങ്ങിൽ‌ ഗ്ലെൻ മാക്സ്‍വെൽ ക്യാച്ചെടുത്തു പുറത്താക്കി. തുടർന്ന് രാഹുൽ തേവാത്തിയ – ക്രിസ് മോറിസ് കൂട്ടുകെട്ട് മികച്ച ഷോട്ടുകളിലൂടെ സ്കോർ അതിവേഗം ഉയർത്തി.

അവസാന ഓവറുകളിൽ സ്കോർ ഉയർത്താനുള്ള ശ്രമത്തിൽ രാജസ്ഥാനു തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. 23 പന്തിൽ രണ്ടു സിക്സും നാലു ഫോറുമുൾപ്പെടെ 40 റൺസെടുത്ത രാഹുൽ തേവാത്തിയയെ ഷാഹ്ബാദ് അഹമ്മദ് പുറത്താക്കി. ക്രിസ് മോറിസ് (10 റൺസ്), ചേതൻ സാകരിയ (പൂജ്യം) എന്നിവർ വേഗം മടങ്ങി. ശ്രേയസ് ഗോപാലും (7 റൺസ്) മുസ്താഫിസുർ റഹ്‍മാനും (പൂജ്യം) പുറത്താകാതെ നിന്നു. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റും കേയ്ൻ റിച്ചാഡ്സൺ, കൈൽ ജാമിസൺ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.