'സച്ചിന് ശേഷം ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല'; സഞ്ജുവിനെ ചേർത്ത് പിടിച്ച് ജോണി ആന്റണി

സഞ്ജു സാംസണിനെ പ്രശംസിച്ച് നടൻ ജോണി ആന്റണി. പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ് സഞ്ജുവിനെ വേറിട്ടു നിർത്തുന്നതെന്നും സച്ചിനു ശേഷം ക്രിക്കറ്റിൽ താൻ ഏറെ സ്നേഹിക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ജോണി ആന്റണി പറഞ്ഞു. ജോണി ആന്റണിക്കു സമ്മാനമായി രാജസ്ഥാൻ റോയല്‍സ് ടീമിന്റെ ജേഴ്സി സഞ്ജു നൽകിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പമാണ് സഞ്ജുവിനോടുളള സ്നേഹത്തെക്കുറിച്ച് ജോണി ആന്റണി കുറിച്ചത്.

ജോണി ആന്റണിയുടെ വാക്കുകൾ:

‘‘സച്ചിനു ശേഷം ക്രിക്കറ്റിൽ ഞാൻ ഇത്രത്തോളം സ്നേഹിക്കുന്ന മറ്റൊരാളില്ല.. എനിക്ക് അത്രയും പ്രിയപ്പെട്ടതാണ് സഞ്ജു സാംസണും സഞ്ജുവിന്റെ രാജസ്ഥാൻ ടീമും. ആ ഇഷ്ടം അറിഞ്ഞത് കൊണ്ടായിരിക്കാം സംവിധായകൻ ബേസിൽ ജോസഫ് വഴി കുറച്ച് നാൾ മുൻപ് സഞ്ജുവും ഞാനും ഫോൺ മുഖേന പരിചയപ്പെടുന്നത്. കഴിഞ്ഞ ദിവസം സഞ്ജുവിന്റെ ഒരു ഫോൺ വരുന്നു: “ചേട്ടാ ചേട്ടന് ഞാൻ ഒരു ജേഴ്സി തരാൻ ആഗ്രഹിക്കുന്നു നമുക്ക് അടുത്തദിവസം നേരിൽ കാണാം” എന്റെ എല്ലാ ക്രിക്കറ്റ് ഓർമകളും ഒരു നിമിഷം ഞാൻ ഒന്ന് ഓർത്തു പോയി.

ഇന്നലെ സഞ്ജുവിനെ കണ്ടു. അദ്ദേഹം ഒരുപാട് ഓർമകളും ചില തമാശകളും പങ്കുവച്ചു…, ശരിക്കും എന്നെ അദ്ഭുതപ്പെടുത്തിയത് ഈ ചെറു പ്രായത്തിൽത്തന്നെ സഞ്ജുവിന്റെ പക്വതയാർന്ന പെരുമാറ്റവും വിനയവുമാണ്. എന്നെപ്പോലൊരാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വിലയേറിയ സമ്മാനങ്ങളിൽ ഒന്നാണിത്…’’