സണ്‍റൈസേഴ്സിന്റെ രണ്ടാം തോല്‍വി; മനീഷ് പാണ്ഡെയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍

സണ്‍റൈസേഴ്സിന്റെ രണ്ടാം തോല്‍വിക്ക് പിന്നാലെ മനീഷ് പാണ്ഡെയെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍. പാണ്ഡെയുടെ മെല്ലെപ്പോക്കാണ് ടീമിനെ രണ്ടുകളിയും തോല്‍പിച്ചതെന്നാണ് വിമര്‍ശനം. ശരിക്കും മനീഷിന്റെ ബാറ്റിങ് റെക്കോര്‍ഡ് അത്ര മോശമാണോ...? 

രണ്ടുമല്‍സരങ്ങളില്‍ നിന്ന്  119നു മുകളിൽ സ്ട്രൈക്ക് റേറ്റില്‍ നേടിയത്  99 റണ്‍സ്.  ഐപിഎലിലെ ഈ വര്‍ഷത്തെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്ത്.. കണക്കുകളില്‍ കയ്യടിക്കേണ്ട പ്രകടനമെന്ന് തോന്നുമെങ്കിലും പാവം മനീഷ് പാണ്ഡെ ഫുള്‍ ടൈം എയറിലാണ്.. ഹൈദരാബാദ് ആരാധകരും ക്രിക്കറ്റ് പ്രേമികളും മുന്‍ താരങ്ങളും മനീഷിനെ വിടുന്ന മട്ടില്ല. മുൻ ഇന്ത്യൻ താരങ്ങളായ അജയ് ജഡേജ, ആശിഷ് നെഹ്റ, പാർഥിവ് പട്ടേൽ തുടങ്ങിയവരെല്ലാം പാണ്ഡെയ്ക്കെതിരെ തിരഞ്ഞു. പക്ഷേ കണക്കുകള്‍ നോക്കിയാല്‍ ഈ വിമര്‍ശനങ്ങളില്‍ അല്‍പം കാര്യമുണ്ടെന്ന് കാണാം. പാണ്ഡെയുമായി ബന്ധപ്പെട്ട് വളരെ രസകരമായൊരു കണക്ക് ഇന്നലെ സോഷ്യല്‍ മീഡിയയില്‍  കണ്ടു. 2018 മുതലുള്ള നാല് ഐപിഎൽ സീസണുകളിലായി മനീഷ് പാണ്ഡെ 14 തവണയാണ് ഓരോ ഇന്നിങ്സിലും 30ൽ അധികം പന്തുകൾ നേരിട്ടത്. പക്ഷേ, 14 മത്സരങ്ങളിൽ 11 എണ്ണത്തിലും സൺറൈസഴ്സ് ഹൈദരാബാദ് ദയനീയമായി തോറ്റു . ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ ഉൾപ്പെടെ! 

പാണ്ഡെ അധിക സമയം ക്രീസിൽ നിൽക്കുന്നത് ടീമിനെ സംബന്ധിച്ച് ‘അപകടകരമാണെന്ന്’ സാരം! ഇന്നലെ നടന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരം എടുക്കാം. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂർ വെറും 149 റൺസിൽ ഒതുങ്ങിയതോടെ സൺറൈസേഴ്സ് അനായാസം ജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. പ്രത്യേകിച്ചും അവരുടെ ബോളിങ് അത്ര മൂർച്ചയുള്ള ഒന്നല്ലാത്ത സാഹചര്യത്തിൽ. 16 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 115 റൺസെന്ന നിലയിലായിരുന്ന ഹൈദരാബാദ് കൃത്യം ട്രാക്കിലുമായിരുന്നു. പക്ഷേ, പിന്നീട് വെറും 28 റൺസിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമാക്കിയ ഹൈദരാബാദ്, ബാംഗ്ലൂർ ആരാധകരെപ്പോലും ‘ഞെട്ടിച്ചാണ്’ തോൽവിയിലേക്ക് വഴുതിയത്.38 റൺസെടുത്ത പാണ്ഡെ വാർണറിനു ശേഷം ഹൈദരാബാദിനായി കൂടുതൽ റൺസ് നേടിയ താരമായെങ്കിലും, അതിനായി 39 പന്തുകൾ ചെലവാക്കിയതാണ് മത്സരശേഷം വിമർശിക്കപ്പെട്ടത്. പരമാവധി റണ്ണൊഴുക്കേണ്ട ട്വന്റി20 ഫോർമാറ്റിലാണ് കളിക്കുന്നതെങ്കിലും പാണ്ഡെയ്ക്ക് എന്നും ‘ഏകദിന ശൈലി’യാണ് ഇഷ്ടമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. 38 റൺസടിച്ചിട്ടും പാണ്ഡെ വിമർശിക്കപ്പെടുന്നതും ഇതിനാൽത്തന്നെ. വിമര്‍ശനങ്ങള്‍ക്ക് പാണ്ടെ ബാറ്റുകൊണ്ട് മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കാം...