കാൽപന്തുകളിയിൽ മാറ്റം കുറിച്ച് ടര്‍ഫുകള്‍; അപകടസാധ്യത കുറവ്

കേരളത്തിലെ ഫുട്ബോള്‍ മേഖലയില്‍ മാറ്റത്തിന്റെ ചുവടുവയ്പ്പാവുകയാണ് ടര്‍ഫുകള്‍. കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ത്തന്നെ നാല്‍പ്പതോളം ടര്‍ഫുകളുണ്ട്. അപകടസാധ്യത കുറവായതിനാല്‍ത്തന്നെ പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് ദിവസവും ഇത്തരം ടര്‍ഫുകളിലേക്കെത്തുന്നത്. വൈകുന്നേരം സജീവമാകാറുണ്ടെങ്കിലും രാത്രികളിലാണ് ടര്‍ഫുകള്‍ അതിന്റെ പൂര്‍ണ ആവേശത്തിലെത്തുക.  ജോലിക്ക് ശേഷമെത്തുന്ന മുതിര്‍ന്നവരും ടര്‍ഫുകളിലെ സ്ഥിരം സാന്നിധ്യമാണ്. കോവിഡിന് ശേഷം ടര്‍ഫുകള്‍ വീണ്ടും സജീവമായെങ്കിലും വര്‍ദ്ധിച്ച് വരുന്ന ചൂട് വെല്ലുവിളിയാണ്.

മണിക്കൂറിന് ആയിരം രൂപയാണ് സാധാരണയായി ഈടാക്കുന്ന ഫീസ്. കളിക്കുന്നതിനൊപ്പം തന്നെ വസ്ത്രം മാറാനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കളി കാണാനുളള ഗ്യാലറികളും ടര്‍ഫുകളോട് ചേര്‍ന്നുണ്ട്. നഗരവികസനത്തിന്റെ ഭാഗമായി കളിമൈതാനങ്ങള്‍ ഇല്ലാതാവുമ്പോള്‍ കാല്‍പ്പന്തിന്റെ പെരുമ ഓര്‍മ്മയാകാതെ പിടിച്ച് നിര്‍ത്തുകയാണ് ടര്‍ഫുകള്‍.