മനസ്സ് കൊണ്ട് പന്തു തട്ടിയ അലോഷ്യസ്; നിനച്ചിരിക്കാതെ മരണം; കരച്ചിലടക്കി നാട്

നെയ്യാറ്റിൻകര : ഫുട്ബാൾ താരം അലോഷ്യസിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഉൾക്കൊള്ളാനാകാതെ തീരദേശം. കുടുംബത്തിന്റെയും നാടിന്റെയും പ്രതീക്ഷയായി മാറിയ പ്രതിഭയുള്ള കളിക്കാരന്റെ വിയോഗം അക്ഷരാർഥത്തിൽ നാടിനെ നടുക്കി.  പുല്ലുവിളയ്ക്കു സമീപം പള്ളത്താണ് അലോഷ്യസിന്റെ വീട്. ഫുട്ബാൾ പരിശീലിക്കാൻ ഇവിടെ നല്ലൊരു ഗ്രൗണ്ടില്ല. പരിശീലനത്തിനായി മറ്റു സ്ഥലങ്ങളിലെ ഗ്രൗണ്ടിൽ ബൂട്ട് കെട്ടിയിറങ്ങിയ അലോഷ്യസിനെ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ചെന്നൈ ഫു‍ട്ബാൾ ക്ലബ് കൊത്തിയെടുത്തു. പിന്നീട് പഠനം ചെന്നൈ ജേപ്പ്ലാർ സ്കൂളിൽ. ചെന്നൈ എഫ്സിക്കു വേണ്ടി (അണ്ടർ 18) ജഴ്സിയണിഞ്ഞ അലോഷ്യസ് തമിഴ്നാട് സ്കൂൾ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന ജേതാവായി.

ചെന്നൈ യൂത്ത് ലീഗിനു വേണ്ടി ഹൈദ്രാബാദ്, ഡൽഹി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ കളിക്കാനിറങ്ങി കപ്പടിച്ചു. കോവിഡിനെ തുടർന്നാണ് നാട്ടിലെത്തിയത്. ആർമി സേവനവും അലോഷ്യസിന് വലിയ കമ്പമായിരുന്നുവെന്ന് സുഹൃത്തുക്കൾ. അതിനു വേണ്ടിയുള്ള തയാറെടുപ്പുകളുമായി നിൽക്കുമ്പോഴാണ് നിനിച്ചിരിക്കാതെ മരണമെത്തിയത്. പള്ളം ഫുട്ബാൾ അക്കാദമിയിൽ സുരേഷിന്റെ ശിക്ഷണത്തിലായിരുന്നു അലോഷ്യസ്. നല്ലൊരു ഗ്രൗണ്ടില്ലാത്തതിനാൽ ഏറെ വെല്ലുവിളികൾ നേരിട്ട് കടൽത്തീരത്തെ മണൽത്തരികളിൽ ഉച്ചവെയിലിന്റെ കാഠിന്യം സഹിച്ച് അലോഷ്യസ് കഠിനാധ്വാനം ചെയ്യുമായിരുന്നുവെന്ന് സുരേഷ് ഓർക്കുന്നു.