അച്ഛൻ മരിച്ച വേദനയിലും പന്തെറിഞ്ഞു; ഇതാ ഇന്ത്യയെ ജയിപ്പിച്ച അരങ്ങേറ്റക്കാര്‍

വിരാട് കോലി മുതല്‍ ഭുവനേശ്വര്‍ കുമാര്‍ വരെയുള്ള വമ്പന്‍ താരനിരയുടെ അസാന്നിധ്യത്തിലാണ് ഇന്ത്യയുടെ വിജയം. ഏഴുദിവസം മുമ്പുവരെ നെറ്റില്‍ പന്തെറിഞ്ഞിരുന്ന ബോളര്‍മാരാണ് ഓസ്ട്രേലിയയുടെ ലോകോത്തരബാറ്റിങ് നിരയെ തോല്‍പ്പിച്ചുകളഞ്ഞത്. 

വാഷിങ്ടണ്‍ സുന്ദര്‍, ടി.നടരാജന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ സമീപകാലത്തൊന്നും ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സിയിടാന്‍ സാധ്യതയില്ലാത്ത താരങ്ങള്‍. കോവിഡ് നിയന്ത്രണങ്ങളും പരുക്കും ഇന്ത്യയുടെ എതിരാളികളായപ്പോള്‍ അരങ്ങേറ്റക്കാരുടെ എണ്ണം കൂടി. ഒന്നാം ഇന്നിങ്സില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ – വാഷിങ്ടണ്‍ സുന്ദര്‍ ആറാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ട് നിര്‍ണായകമായി.  150 റണ്‍സിന് മുകളില്‍ ലീഡ് മോഹിച്ച ഓസ്ട്രേലിയയ്ക്ക 33 റണ്‍സുകൊണ്ട് തൃപ്തിപെടേണ്ടി വന്നു.

ഓസ്ട്രേലിയന്‍ പര്യടനത്തിന് എത്തിയശേഷം പിതാവിനെ നഷ്ടമായ ഹൈദരാബാദുകാരന്‍ മുഹമ്മദ് സിറാജ് രണ്ടാം ഇന്നിങ്സില്‍ നേടിയത് അഞ്ചുവിക്കറ്റ്. ടെസ്റ്റിലും, ഏകദിനത്തിലും ട്വന്റി20യിലും ഒരേ പരമ്പരയില്‍ അരങ്ങേറ്റംകുറിച്ച ആദ്യതാരം ടി നടരാജന്‍ ബ്രിസ്ബേനില്‍ വീഴ്ത്തിയത് മൂന്നുവിക്കറ്റ്.

Muhammad Siraj

അഗ്രസീവ് ക്യാപ്റ്റന്‍ വീരാട് കോലി പകരം ടീമിനെ നയിച്ചത് ആവേശമൊട്ടും പുറത്തുകാണിക്കാത്ത അജിന്‍ക്യ രാഹനെ. നൂറാം ടെസ്റ്റ് കളിച്ച ഓസ്ട്രേലിയന്‍ താരം നേഥന്‍ ലിയോണ് ഇന്ത്യന്‍ താരങ്ങള്‍ ഒപ്പിട്ട ഒരു ജേഴ്സി സമ്മാനിച്ച ശേഷമാണ്  പകരക്കാരന്‍ നായകന്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ഏറ്റുവാങ്ങിയത്.