സിഡ്നിയിൽ പ്രതിരോധമതിൽ തീർത്ത് ഇന്ത്യ; വിജയത്തോളം പോന്ന സമനില

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ പൊരുതിക്കളിച്ച ഇന്ത്യ സമനില നേടി. ആറാം വിക്കറ്റില്‍ ആര്‍.അശ്വിനും പരുക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന വിഹാരിയും ചേര്‍ന്ന് പിടിച്ചുനിന്നതോടെയാണ് തോല്‍വി ഒഴിവാക്കിയത്. 407 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെടുത്തു.  സെഞ്ചുറിക്ക് മൂന്നുറണ്‍സ് അകലെ ഋഷഭ് പന്ത്  പുറത്തായത് നിരാശയായി.

118 പന്തില്‍ 97 റണ്‍സ് അടിച്ചെടുത്ത ഋഷഭ് പന്ത്, തോല്‍വി ഒഴിവാക്കുകയല്ല ജയം തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് തോന്നിപ്പിച്ചു. 12 ഫോറും 3 സിക്സറും ഉള്‍പ്പെടുന്ന അതിവേഗ ഇന്നിങ്സ്.  നേഥന്‍ ലിയോണ്‍ പന്തിനെ കമ്മിന്‍സിന്റെ കൈകളിലെത്തിച്ചുതോടെ ഓസീസ് മല്‍സരത്തിലേയ്ക്ക് മടങ്ങിയെത്തി. 

പിന്നാലെ ഹേസല്‍വുഡ് 77 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെ പ്രതിരോധം മറികടന്നതോടെ ഓസീസിന് വിജയപ്രതീക്ഷ. എന്നാല്‍ ആറാം വിക്കറ്റില്‍ ഒന്നിച്ച അശ്വിനും വിഹാരിയും പ്രതിരോധിച്ച് നിന്നത് മൂന്നുമണിക്കൂര്‍. പരുക്കേറ്റ വിഹാരിക്ക് ഓടാന്‍ കഴിയാതായതോടെ റണ്‍സെത്തിയത് വല്ലപ്പോഴുമുള്ള ബൗണ്ടറിയലൂടെ മാത്രം.  19 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഇന്നിങ്സില്‍ 100 ഓവറിലേറെ ബാറ്റുചെയ്ത് ഇന്ത്യ. വിജയത്തിന് അഞ്ചുവിക്കറ്റ് അകലെ ഓസ്ട്രേലിയയും 73  റണ്‍സ് അകലെ ഇന്ത്യയും കൈകൊടുത്ത് പിരിഞ്ഞു. പരമ്പരയിലെ നിര്‍ണായകമായ അവസാന മല്‍സരം വെള്ളിയാഴ്ച ബ്രിസ്ബേനില്‍.