‘ഒരു വട്ടം കൂടി ഇംഗ്ലണ്ടിനെതിരെ കൈകൊണ്ടു ഗോളടിക്കാൻ മോഹം’; പിറന്നാളിന് പറഞ്ഞത്

‘ഒരുവട്ടം കൂടിയാ ‘കൈ’ ഉയർത്താൻ മോഹം...’ 60–ാം പിറന്നാൾ ആഘോഷിക്കുമ്പോൾ നിറഞ്ഞ മനസോടെ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ പറഞ്ഞ വാക്കുകളാണ്. കൈ പിടിച്ചും കയ്യടിച്ചും കയ്യടിപ്പിച്ചും നിറഞ്ഞ മനുഷ്യൻ. കോവിഡിൽ ലോകം വിറയ്ക്കുമ്പോൾ അദ്ദേഹം പറഞ്ഞത് ദൈവത്തിന്റെ ‘ഒരു കൈ സഹായത്തിനായി’ പ്രാർഥിക്കുന്നു എന്നാണ്. ഒരിക്കൽക്കൂടി ഇംഗ്ലണ്ടിനെതിരെ കൈകൊണ്ടു ഗോളടിക്കാൻ മോഹമുണ്ടെന്ന് 60–ാം പിറന്നാൾ ആഘോഷിക്കുമ്പോൾ അദ്ദേഹം തുറന്നുപറഞ്ഞു.

1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് ഗോളി പീറ്റർ ഷിൽട്ടനെ കീഴടക്കി മറഡോണ നേടിയ ഗോൾ ഇടംകൈ കൊണ്ടു തട്ടിയിട്ടതാണെന്നു പിന്നീടു താരം തുറന്നുപറഞ്ഞിരുന്നു. ദൈവത്തിന്റെ കൈ എന്നു വിശേഷിപ്പിക്കപ്പെട്ട ആ ഗോളിന്റെ മാതൃകയിൽ, എന്നാൽ ഇത്തവണ വലംകൈ കൊണ്ട് അതേപോലെ ഗോൾ നേടാൻ തനിക്ക് ആഗ്രഹമുണ്ടെന്നു ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അന്ന് മറഡോണ പറഞ്ഞത്. 

‘ഇപ്പോൾ സംഭവിക്കുന്നത് ദൈവത്തിന്റെ കൈ കൊണ്ടുള്ള കളിയാണെന്ന് പലരും പറയുന്നു. അതേ ദൈവത്തോട് ഞാൻ പ്രാർഥിക്കുകയാണ്. അതേ കൈ കൊണ്ടു തന്നെ ഇതെല്ലാം അവസാനിപ്പിക്കണേ. സന്തോഷപൂർണമായ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ എല്ലാവരെയും അനുവദിക്കണേ..’ കോവിഡ് സമയത്തും കൈവിടാതെ ഇതിഹാസം പറഞ്ഞു. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം അൽപം മുൻപാണ് വിടപറഞ്ഞത്.