ഐപിഎല്‍ കൊടിയിറങ്ങി; ഇനി രാജ്യാന്തര മത്സരങ്ങള്‍; ടീം ഇന്ത്യ ഓസ്ട്രേലിയയിലെത്തി

ഐപിഎല്‍ പൂര്‍ത്തിയായതോടെ ഇനി ഇന്ത്യന്‍ ആരാധകരെ കാത്തിരിക്കുന്നത് രാജ്യാന്തരമല്‍സരങ്ങളുടെ വീറും വാശിയും. കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷമുള്ള  ആദ്യ രാജ്യാന്തര പര്യടനത്തിനായി ടീം ഇന്ത്യ ഓസ്ട്രേലിയയിലെത്തി.

മൂന്ന് വീതം ട്വന്റി–20 ഏകദിന മല്‍സരങ്ങളും നാല് ടെസ്റ്റുകളുമാണ് ഓസീസില്‍ ഇന്ത്യ കളിക്കുന്നത്. ഐപിഎല്‍ പൂര്‍ത്തിയായതോടെ 

ദുബായില്‍ നിന്നാണ് ക്യാപ്റ്റന്‍ കോലിയും സംഘവും സിഡ്നിയിലേക്ക്തിരിച്ചത്. ഓസ്ട്രേലിയന്‍ പര്യടനം മുന്‍നിര്‍ത്തി നേരത്തെ പുറത്തായ ടീമുകളിലുള്ള താരങ്ങളും യുഎഇയില്‍ തുടരുകയായിരുന്നു. പരിശീലകന്‍ രവി ശാസ്ത്രി ദുബായിലെത്തി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷമാണ് ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. ഓസ്ട്രേലിയയില്‍  ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി 14 ദിവസത്തെ ക്വാറന്റീന്‍ ഉണ്ടാകും. 

നവംബര്‍ 27–ന് ഏകദിന മല്‍സരത്തോടെയാണ് ഇന്ത്യയുടെഓസ്ട്രേലിയന്‍ പര്യടനത്തിന് തുടക്കമാകുക. ഏകദിന–ട്വന്റി–20 ടീമില്‍ മലയാളിതാരം സഞ്ജു സാംസനും ഇടംപിടിച്ചിട്ടുണ്ട്. നാല് മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആദ്യമല്‍സരത്തിന് ശേഷം ക്യാപ്റ്റന്‍ വിരാട്  കോലി നാട്ടിലേക്ക് മടങ്ങും. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.