സമ്മർദ്ദമൊഴിഞ്ഞു; ക്രീസിൽ കൊടുങ്കാറ്റായ് സഞ്ജു; വാഴ്ത്തി ക്രിക്കറ്റ് ലോകം

ഐപിഎല്ലിൽ സഞ്ജുവിനായി കാലം കാത്തുവച്ച ദിവസമായിരുന്നു ചെന്നൈക്കെതിരായ മൽസരം.32 പന്തിൽ നിന്ന് 74 റൺസും രണ്ടും ക്യാച്ചും സ്റ്റംപിങുമായി സഞ്ജു കളം നിറഞ്ഞു.  തുടക്കം മുതൽ തകർത്തടിച്ച സഞ്ജു, തുടർ സിക്സറുകളുമായി ആരാധകരെ അക്ഷരാർഥത്തിൽ വിരുന്നൂട്ടി.

ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി തകർത്തടിച്ച സഞ്ജു വെറും 19 പന്തിലാണ് അർധസെഞ്ചുറി കടന്നത്. രോഹിത് ശർമ ഉൾപ്പെടെയുള്ള ബാറ്റ്സ്മാൻമാരെ അന്ന് നിയന്ത്രിച്ചുനിർത്തിയ ചെന്നൈ ബോളർമാരെ, ഷാർജയിൽ സഞ്ജു തലങ്ങും വിലങ്ങും പ്രഹരിച്ചു. പിച്ച് ബാറ്റിങ്ങിന് അനുകൂലമായതും സ്റ്റേഡിയത്തിന്റെ വലിപ്പക്കുറവും സഞ്ജുവിന് അനുകൂല ഘടകങ്ങളായി.

‘സഞ്ജു സാംസണിന്റെ ബാറ്റിങ് ഒരു ദിവസം മുഴുവനും എന്നല്ല, എല്ലാ ദിവസവും കണ്ടിരിക്കാൻ ഞാൻ റെഡി’ എന്നായിരുന്നു അനായാസേനെയുള്ള ആ ബാറ്റിങ് കണ്ട് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ ട്വീറ്റ് ചെയ്തത്. സഞ്ജു നെറ്റ്സിൽ ബാറ്റു ചെയ്യുകയാണെന്ന് തോന്നുമെന്ന് സുനിൽ ഗവാസ്കറും നല്ല അസൽ ഷോട്ടുകളെന്ന് പറഞ്ഞത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുമാണ്.

സഞ്ജുവിന്റെ അസാമാന്യ പ്രകടനം ചെന്നൈയ്‌ക്കെതിരെ രാജസ്ഥാന് ഒരു റെക്കോർഡും സമ്മാനിച്ചു. ആദ്യത്തെ 10 ഓവറിൽ രാജസ്ഥാൻ േനടിയ 119 റൺസ്, ഐപിഎൽ ചരിത്രത്തിൽ ചെന്നൈയ്‌ക്കെതിരെ ഏതൊരു ടീമും നേടുന്ന ഏറ്റവും മികച്ച സ്കോറാണ്. ഐപിഎലിൽ സഞ്ജുവിന് ഏറ്റവും മോശം റെക്കോർഡുള്ള എതിരാളികളാണ് ചെന്നൈ എന്നതും സഞ്ജുവിന്റെ നേട്ടത്തിന് തിളക്കം കൂട്ടുന്നു.