ഓരോ ജയത്തിനും 3000 മരം നടാൻ ബെല്ലെറീൻ; ആഴ്സനൽ ജയിച്ചാൽ നേട്ടം പ്രകൃതിക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനൽ ജയിച്ചാൽ ആരാധകരെക്കാൾ സന്തോഷമാകുക പ്രകൃതിക്കാവും. ടീമിന്റെ ഓരോ ജയത്തിനും തെക്കേ അമേരിക്കയിലെ ആമസോൺ മേഖലയിൽ 3000 മരം വീതം നടുമെന്ന പ്രതിജ്ഞയിലാണ് ഡിഫൻഡർ ഹെക്ടർ ബെല്ലെറീൻ. കഴിഞ്ഞ വർഷം ആമസോൺ കാടുകൾ കത്തിയെരിഞ്ഞ കാഴ്ച ബെല്ലെറീന്റെ കണ്ണിൽ നിന്നിനിയും മാഞ്ഞിട്ടില്ല. 

ചുമ്മാ ഒരു ആവേശത്തിന് മരം നടാന്‍ തീരുമാനിച്ചതൊന്നുമല്ല ബെല്ലെറീൻ എന്ന് സുഹൃത്തുക്കൾ പറയും. പരിസ്ഥിതി സംരക്ഷകരായി പേരെടുത്ത ഇംഗ്ലണ്ടിലെ ഫോറസ്റ്റ് ഗ്രീൻ റോവേഴ്സ് ക്ലബ്ബിൽ ഓഹരികൾ വാങ്ങി തന്റെ പരിസ്ഥിതി സ്നേഹം തെളിയിച്ചു കഴിഞ്ഞു സ്പാനിഷ് താരം. 

ഇംഗ്ലണ്ടിലെ 4–ാം ഡിവിഷൻ ക്ലബ്ബായ ഗ്രീൻ റോവേഴ്സ് മൃഗങ്ങളിൽനിന്നുള്ള ഉൽപന്നങ്ങളൊന്നുമില്ലാത്ത വീഗൻ ഫുഡ് ആണ് കളിക്കാർക്കു നൽകുന്നത്. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിലെ പുൽത്തകിടി 100 ശതമാനം പ്രകൃതിദത്തമായ പുല്ലാണ്. സൗരോർജമാണു സ്റ്റേഡിയത്തിൽ ഉപയോഗിക്കുന്നത്. കളിക്കാരുടെ ഷിൻ പാഡുകൾവരെ നിർമിച്ചിരിക്കുന്നതു മുളകൊണ്ടാണ്. പ്രകൃതിയോടിണങ്ങിയുള്ള ജീവിതമാണ് ലക്ഷ്യമെന്നും ബെല്ലെറീൻ കൂട്ടിച്ചേർക്കുന്നു.