വേഗരാജാവിനെയും പിന്നിലാക്കി; ബോള്‍ട്ടിന് കോവിഡ്; ക്രിസ് ഗെയിലും പാര്‍ട്ടിയില്‍

ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനെയും കോവിഡ് പിടികൂടി. ജമൈക്കന്‍ ഒബ്സര്‍വര്‍ എന്ന മാധ്യമമാണ് ബോട്ട് കോവിഡ് പോസിറ്റീവായെന്ന വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ബോള്‍ട്ടിന്റെ 34ാം ജന്‍മദിനം. സുഹൃത്തുക്കള്‍ക്കായി കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് ബോള്‍ട്ട് പാര്‍ട്ടി ഒരുക്കിയിരുന്നു. പിന്നാലെ ട്വിറ്ററിലൂടെ താന്‍ ക്വാറന്റീനിലാണെന്നും പാര്‍ട്ടിയില്‍ പങ്കെടുത്തവരും ക്വാറന്റീനില്‍ പോകണമെന്നും ബോള്‍ട്ട് പറഞ്ഞു. 

ജമൈക്കന്‍ ആരോഗ്യമന്ത്രി ക്രിസ്റ്റഫര്‍ ടഫന്‍, ബോള്‍ട്ട് കോവിഡ് പോസിറ്റീവെന്ന സ്ഥിരീകരിച്ചതായി ജമൈക്കന്‍ ഒബ്സര്‍വര്‍ റിപ്പോര്‍ട് ചെയ്യുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിനെക്കുറിച്ച് പൊലീസ്  അന്വേഷിക്കുമെന്ന്   ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രി ഹോള്‍നെസ് പറഞ്ഞു. 

പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ക്രിസ് ഗെയിലും 

ബോള്‍ട്ട് നടത്തിയ ജന്‍മദിന പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ക്രിക്കറ്റ് താരം ക്രിസ് ഗെയിലും ഉള്ളതായി സൂചന.  ഐപിഎല്ലില്‍ കിങ്സ് ഇലവന്‍ താരമാണ് ഗെയില്‍. ഐപിഎല്ലിനായി യുഎഇയിലേയ്ക്ക് പോകും മുമ്പ്  രണ്ടുതവണ കോവിഡ് പരിശോനധ നടത്തേണ്ടുണ്ട്. ആദ്യ കോവിഡ് ടെസ്റ്റ് നടത്തിയെന്നും ഫലം നെഗറ്റീവാണെന്നും ഗെയില്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.