'തല'പ്പത്ത് എത്തിയ 'മുടി'ക്കാരൻ; ഹൃദയമിടിക്കുന്ന ബാറ്റ്സ്മാൻ, നാണക്കാരൻ; രസക്കഥകൾ

10 വർഷത്തോളം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായിരുന്നൊരാൾ വിരമിക്കുമ്പോൾ അയാളുടെ മുടിയെക്കുറിച്ച് എഴുതുന്നത് എന്ത് നിസാരതയാണെന്ന് ആരാധകരും പ്രിയപ്പെട്ടവരും ഒരുവേള ചിന്തിച്ചെങ്കില്‍ പറയാനേറെയുണ്ട്.... അത്ര നിസാരമായിരുന്നില്ല ആ മുടിയും മുടിക്കാരനും.  അലസമായൊഴുകി നടന്ന നീളൻമുടിയുടെ ഇഷ്ടക്കാരിൽ പാക്കിസ്താൻ മുൻ പ്രസിഡന്റ് പറവേസ് മുഷറഫ് വരെ ഉണ്ടെന്നുകൂടി ഓർക്കണം. കഴുത്തിനു താഴെ ഇടതൂർന്ന് നിന്നിരുന്ന ആ മുടിക്ക് ആരാധകര്‍ ഏറെയായിരുന്നു. മുടി നീട്ടി, സ്ട്രെയിറ്റ് ചെയ്ത് അവരിൽ പലരും എംഎസ് ധോണിയാവാൻ ശ്രമിച്ചു. ആ മുടിക്കാരൻ ഇന്ത്യന്‍ ടീമിന്റെ 'തല'പ്പത്ത് വരെ എത്തി. പിന്നീട്, മുടി പലവിധം മുറിച്ചും ഫ്രീക്ക് ആയും പല ധോണി സ്റ്റൈലുകള്‍ കണ്ടു.  ഇന്ന്, അപ്രതീക്ഷിതമായി, രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന പ്രഖ്യാപനത്തിലെത്തി നിൽക്കുമ്പോൾ മുടിയും താടിയും നരച്ചിട്ടുണ്ട്. പക്ഷേ നര വീഴാത്ത കളിയോർമകൾ ഏറെയുണ്ട് ആരാധകർക്ക്. ആരാധകര്‍ക്ക് അറിയാവുന്നതും അറിയാത്തതുമായ രസക്കഥകളും ഏറെയുണ്ട് ക്യാപ്റ്റൻ കൂളിന്.

ലാഹോറില്‍ നടന്ന ഇന്ത്യ-പാക് മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെയായിരുന്നു മുഷറഫ് ധോണിയുടെ മുടിയെ പ്രശംസിച്ചത്. 46 പന്തില്‍ നിന്നും 72 റണ്‍സുമായി ധോണിയായിരുന്നു അന്ന് മാന്‍ ഓഫ് ദ മാച്ച്‌. ''ഇവിടെ കണ്ട ചില പ്ലക്കാര്‍ഡുകള്‍ പറയുന്നത് നിങ്ങള്‍ മുടി വെട്ടണമെന്നാണ്. എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഇത് നന്നായി ചേരുന്നുണ്ട്. മുടി മുറിക്കരുത്" സമ്മാനം നല്‍കി കൊണ്ട് അന്ന് മുഷറഫ് പറഞ്ഞതിങ്ങനെ.

ധോണി മുടിയും സാക്ഷിയും

ധോണിയുടെ നീളൻമുടി ആരാധകർക്കേറെ പ്രിയമാണെങ്കിലും ഭാര്യ സാക്ഷി സിങ്ങിന്റെ കാര്യത്തിൽ അങ്ങനെയല്ല. ഓറഞ്ച് നിറത്തിലുള്ള ആ മുടി തനിക്ക് തീരെ ഇഷ്ടമല്ലായിരുന്നുവെന്നാണ് സാക്ഷി പറഞ്ഞിട്ടുള്ളത്: ''ഓറഞ്ച് നിറമുള്ള ആ നീളൻമുടിയുള്ള കാലത്ത് അദ്ദേഹത്തെ കാണാതിരുന്നത് നന്നായി. ഉറപ്പായും ഞാൻ ആ മുഖത്തേക്കു പോലും നോക്കുമായിരുന്നില്ല. ജോണിന് (ബോളിവുഡ് താരം ജോൺ എബ്രഹാം) ആ നീളൻ മുടി നല്ല ചേർച്ചയുണ്ടായിരുന്നു. മഹിക്ക് പക്ഷേ അങ്ങനെയല്ല. വിവാഹത്തിനുശേഷമാണ് ധോണിയുടെ ഓറഞ്ച് നിറമുള്ള നീളൻമുടിച്ചിത്രങ്ങൾ ഞാൻ കണ്ടത്. അതിന് ദൈവത്തിന് നന്ദി''

ക്യാപ്റ്റൻ കൂൾ ശരിക്കും കൂൾ ആയിരുന്നോ?

ഏതു പ്രതിസന്ധിഘട്ടത്തിലും ഉലയാതെ ടീമിനെ കാക്കുന്ന കപ്പിത്താനെപ്പറ്റി 'ക്യാപ്റ്റൻ കൂൾ' എന്ന പ്രയോഗം പലകുറി കേട്ടിട്ടുള്ളതാണ്. പക്ഷേ ടെൻഷനും ഉത്കണ്ഠയുമൊക്കെ തനിക്കും ഉണ്ടാകാറുണ്ട് എന്ന് ഈ 'കൂൾ മാൻ' പരസ്യമായി സമ്മതിച്ചിട്ടുണ്ട്. ''ബാറ്റ് ചെയ്യാനായി ഞാൻ ക്രീസിലേക്ക് ഇറങ്ങുമ്പോൾ ആദ്യത്തെ 10 പന്തുകൾ നേരിട്ടു കഴിയുന്നവരെ എന്റെ ഹൃദയമിടിപ്പ് കൂടുതലായിരിക്കും. സമ്മർദത്തിലായിരിക്കും ഞാൻ. എല്ലാവർക്കും അതുപോലെയായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്'' മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ ധോണി പറഞ്ഞതിങ്ങനെ. 

നാണക്കാരൻ

കരിയറിന്റെ തുടക്കത്തിൽ നാണക്കാരനും തീരെ കുറച്ചുമാത്രം സംസാരിക്കുന്ന ആളുമായിരുന്നു ധോണിയെന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് പറ‍ഞ്ഞിട്ടുള്ളത്. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹർഭജൻ കുറിച്ചത്: ''ഞങ്ങളൊരുമിച്ച് ഒട്ടേറെ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. വെസ്റ്റിൻഡീസ്, ശ്രീലങ്ക, ന്യൂസീലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കു പര്യടനവും നടത്തിയിട്ടുണ്ട്. അന്നൊക്കെ ധോണി വളരെ നാണക്കാരനാണ്. അദ്ദേഹം ഒരിക്കലും ഞങ്ങളുടെയൊന്നും മുറികളിലേക്കു വരില്ല. സ്വന്തം റൂമിൽ അടച്ചുപൂട്ടിയിരിക്കും''. 

ഇനി?

റാഞ്ചിയിലെ പഴയ വീട്ടിൽനിന്നു 11 കിലോമീറ്റർ അകലെ കൈലാഷ്പതി എന്ന കൂറ്റൻ ഫാം ഹൗസിലാണു ധോണി കുടുംബത്തോടൊപ്പം ഇപ്പോൾ. പ്രിയപ്പെട്ട 3 നായ്ക്കളും ഒപ്പമുണ്ട്. ഇൻഡോർ സ്റ്റേഡിയവും നീന്തൽക്കുളവും ജിംനേഷ്യവുമടക്കം എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണു ഫാം ഹൗസ്. വലിയ കൃഷിയിടവും സ്വന്തമായുണ്ട്. ജൈവകൃഷിയാണ് ഇപ്പോഴത്തെ ഇഷ്ടം.