സച്ചിന്‍ പവലിയന്‍ പൊളിച്ചത്തിൽ ബ്ലാസ്റ്റേഴ്സിന് പങ്കില്ല: ജിസിഡിഎ

കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവലിയന്‍ പൊളിച്ചു നീക്കിയതില്‍ കേരള ബ്ലാസ്റ്റേഴ്സിന് പങ്കില്ലെന്ന് ജിസിഡിഎ. സച്ചിന്‍ പവലിയന്‍ വീണ്ടും സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്ന് ജിസി‍ഡിഎ ചെയര്‍മാന്‍ വി.സലീം മനോരമ ന്യൂസിനോട് പറഞ്ഞു. ഇപ്പോഴത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ക്രിക്കറ്റ്, ഫുട്ബോള്‍ അസോസിയേഷനുകളെയും വിളിച്ച് ചര്‍ച്ച നടത്തുമെന്നും ജിസിഡിഎ ചെയര്‍മാന്‍ വ്യക്തമാക്കി.  

2017ലെ അണ്ടര്‍ 17 ലോകകപ്പ് സമയത്ത് ഫിഫ നിര്‍ദേശമനുസരിച്ചാണ് കലൂര്‍ സ്റ്റേഡിയത്തിലെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പവലിയന്‍ പൊളിച്ച് നീക്കിയതെന്ന് ജിസിഡിഎ വ്യക്തമാക്കുന്നു. കെസിഎയുടെയും കെഎഫ്എയുടെയുമെല്ലാം അറിവോടെയായിരുന്നു ഈ നടപടി. ലോകകപ്പിന് ശേഷം ഇത് തിരിച്ച് സ്ഥാപിക്കുന്നതില്‍ വീഴ്ചയുണ്ടായി. ജിസിഡിഎ മുന്‍കൈ എടുത്ത് കലൂര്‍ സ്റ്റേഡിയത്തില്‍ സച്ചിന്‍ പവലിയന്‍ പുനസ്ഥാപിക്കുമെന്ന് ചെയര്‍മാന്‍ വി.സലീം വ്യക്തമാക്കി. 

കലൂര്‍ സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ഫുട്ബോള്‍, ക്രിക്കറ്റ് അസോസിയേഷനുകളുമായും ബ്ലാസ്റ്റേഴ്സുമായും ചര്‍ച്ച നടത്തും. ഈ വിഷയത്തില്‍ ബ്ലാസ്റ്റേഴ്സിനെ മാറ്റി നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട യാത്രാനിയന്ത്രണങ്ങളില്‍ ഇളവുണ്ടായാല്‍ ഉടന്‍ ചര്‍ച്ച നടത്താനാണ് തീരുമാനം.