അടുത്തത് ഞാനാണോ? അമേരിക്കയിലെ നടുക്കും കൊലയിൽ ആശങ്ക പങ്കുവച്ച് കൊകോഗൗഫ്

അമേരിക്കയിലെ മിനേപൊളിസിൽ കറുത്ത വർഗക്കാരനെ മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്ന സംഭവത്തിൽ ലോകമെങ്ങും പ്രതിഷേധം പുകയുന്നു. വംശീയ വെറിയുടെ അടുത്ത ഇര താനാണോ എന്ന ചോദ്യത്തോടെ ടെന്നീസിലെ പുത്തൻ താരോദയമായ കൊകോഗൗഫും ആശങ്ക പ്രകടിപ്പിച്ചു. 

നിരായുധനായിരുന്ന, പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ആഫ്രിക്കൻ അമേരിക്കനായ ജോർജ് ഫ്ലോയിഡിനെയാണ് മിനേപൊളിസിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡെറക് ഷോവ് കഴുത്ത് ഞെരിച്ച് കൊന്നത്. വ്യാപക പ്രതിഷേധത്തെ തുടർന്ന് ഡെറകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരകൊലപാതകത്തിൽ നടുങ്ങിയ ജനങ്ങൾ പൊലീസ് സ്റ്റേഷൻ തീയ്ക്കിരയാക്കിയിരുന്നു. തെരുവുകളിൽ പ്രതിഷേധം തുടരുകയാണ്.

ട്വിറ്ററിലാണ് കൊകോ , ഫ്ലോയ്ദ്, അഹ്മൗദ് അർബേറി, ബ്രിയോണ ടെയ്ലർ, ട്രായ്വൻ മാർട്ടിൻ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം തന്റെ ചിത്രവും ചേർത്ത് വച്ച ടിക്ടോക് വിഡിയോ പോസ്റ്റ് ചെയ്തത്. വംശീയവെറിയുടെ ഇരകളായി കൊലചെയ്യപ്പെട്ടവരാണ് കൊകോ തന്റെ ചിത്രത്തോട് ചേർത്ത് വച്ച എല്ലാവരും.

റസ്റ്റൊറന്റിലെ ജീവനക്കാരനായ ഫ്ലോയിഡിനെ ആളുമാറിയാണ് പൊലീസ് പിടികൂടിയത്. താൻ നിരപരാധിയാണെന്ന് പറഞ്ഞിട്ടും പൊലീസ് വിട്ടയച്ചില്ല. കഴുത്തിൽ കാൽമുട്ട് അഞ്ചുമിനിറ്റോളം ഡെറക് അമർത്തുകയായിരുന്നു. എനിക്ക് ശ്വാസംമുട്ടുന്നുവെന്നും വെള്ളം വേണമെന്നും ഫ്ലോയിഡ് പറയുന്നുണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ നാലു പൊലീസുകാരെ പിരിച്ചുവിട്ടിരുന്നു. ലോകമനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം ചെയ്ത ഡെറകിന് മേൽ കൊലപാതകക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

യുഎസ് ഓപണിലും ഓസ്ട്രേലിയൻ ഓപണിലും അവിശ്വസനീയമായ പ്രകടനം നടത്തിയാണ് അന്ന് 16 കാരിയായ കൊകോഗൗഫ് റാങ്കിങിൽ ആദ്യ 50 ൽ ഇടം നേടിയത്. വിംബിൾഡണിൽ വീനസ് വില്യസിനെ തറപറ്റിക്കുകയും ചെയ്തു.