പരിഹാസം കേട്ട് കര‍ഞ്ഞു; അച്ഛൻ മാത്രം ആശ്വാസം; തുറന്നുപറഞ്ഞ് സുനിൽ ഛേത്രി

മോഹൻ ബഗാനെന്ന കൊൽക്കത്തയിലെ കരുത്തരായ ഫു‍ട്ബോൾ ക്ലബ്ബിലെത്തുമ്പോൾ കൗമാരക്കാരന്റെ വ്യാകുലതകളും ആശയക്കുഴപ്പങ്ങളും ഉത്കണ്ഠയുമൊക്കെയായിരുന്നു പതിനേഴുകാരനായ സുനിൽ ഛേത്രിക്ക് കൂട്ട്. കരിയറിലെ 18 വർഷങ്ങള്‍ പിന്നിടുമ്പോൾ, ഒട്ടും എളുപ്പമായിരുന്നില്ല ആ യാത്രയെന്നും ആ കാലത്ത് സമ്മർദം താങ്ങാനാകാതെ താൻ കരയുമായിരുന്നുവെന്നും തുറന്നു പറ‍ഞ്ഞിരിക്കുകയാണ് ചേത്രി.  പറയുകയാണ് താരം. നേപ്പാൾ ഫുട്ബോൾ ടീമംഗമായിരുന്നു ഛേത്രിയുടെ അമ്മ. അച്ഛനും പഴയ ഫുട്ബോൾ താരമാണ്. 

''പട്ടാളക്കാരനായ അച്ഛന്റെ ഫോൺകോളുകൾ മാത്രമായിരുന്നു അന്നത്തെ ആശ്വാസം. ഫുട്ബോൾ അവസാനിപ്പിച്ചാലോ എന്നുവരെ കരുതിയിരുന്ന ദിവസങ്ങളുണ്ട്. മത്സരം ജയിക്കുമ്പോൾ തോളത്തെടുത്തുവെയ്ക്കുന്ന ആരാധകർ തോറ്റാൽ കുത്തിനോവിപ്പിക്കുകയും ചെയ്യും. ആരാധകരുടെ പരിഹാസം കേട്ട് കരഞ്ഞ നാളുകളുണ്ട്. സങ്കടം സഹിക്കാന്‍ പറ്റാതായപ്പോൾ അച്ഛനെ വിളിച്ച് ഞാൻ ഇത് മതിയാക്കുകയാണെന്ന് വരെ പറഞ്ഞു.ചില താരങ്ങളെല്ലാം ഇതെല്ലാം സഹിക്കാനാകാതെ കൊൽക്കത്ത വിടുകവരെ ചെയ്തു'', ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ സുനിൽ ഛേത്രി പറഞ്ഞു. 

പിന്നീട് കുടുംബത്തിന്റെ പിന്തുണയോടെയായിരുന്നു വളർച്ച. ഛേത്രിയോടൊപ്പം മത്സരങ്ങൾക്കായി അച്ഛനും യാത്ര ചെയ്യാൻ തുടങ്ങി. അച്ഛനോട് എല്ലാ കാര്യങ്ങളും ചർച്ച ചെയ്യാനാരംഭിച്ചു. ഇപ്പോൾ സന്തോഷം മാത്രമേയുള്ളുവെന്നും ഛേത്രി പറയുന്നു. 

ഇന്ത്യക്കായി 70 രാജ്യാന്തര ഗോളുകള്‍ നേടിയിട്ടുണ്ട് സുനില്‍ ഛേത്രി. നിലവിലെ കളിക്കാരില്‍ രാജ്യത്തിനായി ഏറ്റവുും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരം കൂടിയാണ്.