ഇപ്പോൾ വേണോ ഇത്?; കോവിഡിനിടയിലെ പാചകപരീക്ഷണത്തെ വിമർശിച്ച് സാനിയ

കോവിഡ് കാലത്തെ പാചകപരീക്ഷണങ്ങളെ വിമർശിച്ച് ടെന്നിസ് താരം സാനിയ മിർസ. ''പാചക വിഡിയോകളും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താൻ സമയമായില്ലേ?  നമുക്കിടയിൽ ഭക്ഷണം കിട്ടാതെ മരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. ഭാഗ്യമുണ്ടെങ്കിൽ മാത്രം ഒരു നേരത്തെ ഭക്ഷണം കിട്ടുന്നവരുമുണ്ട്'', സാനിയ ട്വിറ്റ് ചെയ്തു. 

ലോക്ക്ഡൗണില്‍ വീടുകളിലിരിക്കുന്ന ആളുകളുടെ പ്രധാന വിനോദങ്ങളിലൊന്നാണ് പാചക പരീക്ഷണങ്ങൾ നടത്തി അതിന്റെ വിഡിയോയും ഭക്ഷണത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്. സെലബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെ ആളുകളാണ് ലോക്ഡൗൺ കാലത്ത് വീടുകളിൽ ഒതുങ്ങിക്കൂടുന്നതിന്റെ വിരസതയെ പാചകത്തിലൂടെ നേരിടുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യുന്നതിലെ ചില ധാർമിക പ്രശ്നങ്ങളാണ് സാനിയ ചൂണ്ടിക്കാട്ടിയത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ദിവസവേതന തൊഴിലാളികളെ സഹായിക്കാൻ ഒരു എൻജിഒയുമായി കൈകോർത്ത് സാനിയ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ നാളുകളിൽ യുഎസിലായിരുന്ന സാനിയ ഇന്ത്യയിൽ തിരികെയെത്തിയശേഷം 14 ദിവസം ക്വാറന്റീനിലായിരുന്നു. ഇതിനു ശേഷമാണ് എൻജിഒയുമായി സഹകരിച്ച് ദിവസവേതന തൊഴിലാളികൾക്കായി പണം സമാഹരിക്കാൻ രംഗത്തിറങ്ങിയത്. ഒരാഴ്ചകൊണ്ട് 1.5 കോടി രൂപയാണ് സാനിയയും സംഘവും ചേർന്ന് സമാഹരിച്ചത്.