കോവിഡ്: 80 ലക്ഷം നൽകി രോഹിത് ശർമ; 5 ലക്ഷം തെരുവുനായ്ക്കൾക്ക്; കരുതൽ

കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ, വൈറസ് വ്യാപനം തടയാനുള്ള പോരാട്ടത്തിന് സംഭാവനയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയും. വിവിധ ഫണ്ടുകളിലേക്കായി ആകെ 80 ലക്ഷം രൂപയാണ് രോഹിത് സംഭാവന ചെയ്തത്. ഇതിൽ 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും നൽകും. 10 ലക്ഷം രൂപ വ്യത്യസ്തമായ രണ്ടു കാര്യങ്ങൾക്കായാണ് രോഹിത് നീക്കിവച്ചിരിക്കുന്നത്. 

രാജ്യമൊട്ടുക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ പട്ടിണിയിലായ ആളുകളെ സഹായിക്കാനായി ആരംഭിച്ച ‘സൊമാറ്റോ ഫീഡിങ് ഇന്ത്യ’ ക്യാംപെയിനാണ് അഞ്ച് ലക്ഷം രൂപ. ശേഷിക്കുന്ന അഞ്ച് ലക്ഷം ഹോട്ടലുകൾ ഉൾപ്പെടെ അടച്ചിട്ടതോടെ പട്ടിണിയിലായ തെരുവുനായ്ക്കളുടെ ക്ഷേമത്തിനും.

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ഇന്നലെ കോവിഡിനെതിരായ പോരാട്ടത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. അതേസമയം, തുക വെളിപ്പെടുത്തിയില്ലെങ്കിലും ഇരുവരും ചേർന്ന് മൂന്നു കോടിയോളം രൂപ നൽകിയതായാണ് റിപ്പോർട്ട്. സൂപ്പർതാരം സച്ചിൻ െതൻഡുൽക്കർ (50 ലക്ഷം), സുരേഷ് റെയ്ന (52 ലക്ഷം), അജിൻക്യ രഹാനെ (10 ലക്ഷം) തുടങ്ങിയവരാണ് സംഭാവന പ്രഖ്യാപിച്ച് രംഗത്തെത്തിയ ക്രിക്കറ്റ് താരങ്ങൾ. എം.എസ്. ധോണി ഒരു ലക്ഷം രൂപ ഒരു എൻജിഒ വഴിയും നൽകി.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരിയും ഇർഫാൻ പഠാൻ – യൂസഫ് പഠാൻ സഹോദരൻമാർ 4000 മാസ്കുകളും സംഭാവന ചെയ്തു. ഇവർക്കു പുറമെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിവിധ സംസ്ഥാന അസോസിയേഷനുകളുടെ സഹകരണത്തോടെ 51 കോടി രൂപയും പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് നൽകിയിരുന്നു.