‘ഹെയര്‍ സ്റ്റൈല്‍ അവിടെ നില്‍ക്കട്ടെ; കളി ശ്രദ്ധിക്കൂ’; വിര്‍ശനമെയ്ത് മിയാന്‍ദാദ്

വിവാദ പ്രസ്താവനകൾക്കും വിമർശനങ്ങൾക്കും പേര് കേട്ട ആളാണ് പാകിസ്ഥാൻ ക്രിക്കറ്റ് ഇതിഹാസം ജാവേദ് മിയാൻദാദ്. ഏറ്റവുമൊടുവിലായി ക്രിക്കറ്റിലെ യുവ താരങ്ങളെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. ക്രിക്കറ്റിനേക്കാളുപരി മുടിയുടെ സ്റ്റൈലിലും ബാഹ്യ മോടിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുവ താരങ്ങളെ ആണ് അദ്ദേഹം വിമർശിക്കുന്നത്.

പരിശീലനത്തിലും കളിയിലും സമ്പൂർണ ശ്രദ്ധ ഉണ്ടായാൽ മാത്രമേ ഫലമുണ്ടാകൂ എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനിടയിൽ മുടിയിലും മറ്റും സ്റ്റൈൽ ചെയ്യാൻ പോയാൽ ശരിയാവില്ല. താനുൾപ്പെടെയുള്ള താരങ്ങൾ കളിക്കളത്തിൽ സജീവമായിരുന്ന കാലത്ത് കാര്യങ്ങൾ ഇങ്ങനെ ആയിരുന്നില്ലെന്നും മിയാൻദാദ് പറയുന്നു.

ബാറ്റ് ചെയ്യുമ്പോൾ താരങ്ങൾ അവരുടെ വിക്കറ്റിന് വില കൽപ്പിക്കണം. ബോൾ ചെയ്യുമ്പോൾ ലൈനും ലെങ്തും കൃത്യമാക്കാനും ശ്രമിക്കണം. ഇതിലൊക്കെ ശ്രദ്ധ കേന്ദ്രീകരിച്ച ശേഷമാകണം മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.

എന്തായാലും മിയാൻദാദിന്റെ വാക്കുകളെ  ക്രിക്കറ്റ്‌ ലോകം ഇനി എങ്ങനെയാകും ചർച്ച ചെയ്യുക എന്നാണ് കാത്തിരുന്നു കാണേണ്ടത്.