ആൺകുട്ടികളുടെ കൂടെ ക്രിക്കറ്റ് കളിക്കരുത്; പരിഹസിച്ചവർക്ക് പൂനത്തിന്‍റെ ചുട്ട മറുപടി

രാജ്യത്ത് പെൺകുട്ടികൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്ന ഉത്തർപ്രദേശിൽ നിന്ന് ആൺകുട്ടികളെ എറിഞ്ഞിട്ട് ഒരു പെൺകുട്ടി. ക്രിക്കറ്റ് ഗ്രൗണ്ടിൽ ആൺകുട്ടികൾക്കൊപ്പമാണ് പൂനം യാദവ് കളിച്ച് വളർന്നത്.  ആണുങ്ങൾ കളിക്കുന്നിടത്ത് ഇവൾക്കെന്ത് കാര്യം എന്ന് ചോദിച്ചവർക്ക് മുന്നിൽ ഒരിക്കൽ പോലും പൂനം തളർന്നില്ല. ആർമി ഓഫിസറായിരുന്ന രഘുബീർ സിങ് യാദവിന്റെ  മകൾ ഭയത്തേക്കാൾ കൂട്ട് പിടിച്ചത് ധൈര്യത്തെയാണ്. ഇപ്പോഴിതാ  ട്വന്റി 20 ലോകകപ്പിൽ കളിയിലെ താരമായി പൂനം യാദവിന്റെ മറുപടി. അതും അതിഥേയരായ ഓസ്ട്രേലിയയുടെ നാലു വിക്കറ്റുകൾ പിഴുതെടുത്ത്. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരത്തിന്റെ വിജയം പൂനം യാദവിന്റെ സ്പിൻ മാജിക്കിൽ ആയിരുന്നു.

ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചവൾ

ഉത്തർപ്രദേശിലാണ് പൂനം യാദവിന്റെ ജനനം. കുഞ്ഞ് പൂനത്തിന് സ്പോർട്സിലായിരുന്നു താൽപര്യം. ഒട്ടുമിക്ക ദിവസവും സ്കൂളിൽ നിന്ന് എത്തുന്നത് പരുക്കും ചതവും ആയിട്ടാണ്. എന്നാലും സ്പോർട്സ് വിട്ടൊരു പഠനം പൂനത്തിന് ഉണ്ടായിരുന്നില്ല. സ്കൂളിൽ നിന്ന് എത്തിയാൽ പിന്നെ അടുത്തുള്ള മൈതാനത്ത് കളി. അവിടെ വേറെ പെൺകുട്ടികളില്ല. അതുകൊണ്ട് ആൺകുട്ടികളിൽ ചിലർ അവളെ ക്രിക്കറ്റ് കളിക്കാൻ കൂട്ടിയില്ല. ചിലർ കളിയാക്കി, ചിലർ ഭീഷണിപെടുത്തി. ഒടുവിൽ മകളെ ആൺകുട്ടികൾക്ക് ഒപ്പം ക്രിക്കറ്റ് കളിക്കാൻ വിടരുതെന്ന് രഘുബീർ സി ങ് യാദവി നോട് അയൽക്കാരിൽ ചിലർ പറഞ്ഞു. 

മകളുടെ പൊക്കക്കുറവ് സ്പോർട്സിൽ അവൾക്ക്  ഗുണം ചെയ്യില്ലെന്നു കരുതിയിരുന്ന പിതാവ്, ഈ അവസരം മുതലെടുത്ത് പൂനത്തിന് തടയിടാന്‍ ശ്രമിച്ചു. എന്നാൽ കോച്ച് ഹേമലത പിതാവിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അതോടെ പൂനം പൂർവാധികം ശക്തിയോടെ ബോൾ ചെയ്യാൻ തുടങ്ങി.

ലെഗ് സ്പിൻ മാജിക്

പൂനത്തിന്റെ ഉയരം 155 സെൻറിമീറ്റർ, ടീമിലെ കുട്ടിത്താരം. പൂനം എറിയാൻ എത്തുമ്പോൾ കൈവിരലുകൾ കാണാനാവില്ല, പന്തുമാത്രമേ കാണാനാകൂ. അത്രക്ക് ചെറുതാണ് കൈപ്പത്തി. പക്ഷെ ആ കുഞ്ഞുകൈപ്പത്തിക്കുള്ളിൽ നിന്ന് ശരവേഗത്തിലാണ് ഗൂഗ്ലികൾ പാഞ്ഞടുക്കുന്നത്. ഇടക്ക് വേഗം കുറഞ്ഞ പന്തുകളും എത്തും. പൂനത്തിന്റെ വലിപ്പക്കുറവ് എതിരാളികളെ കബളിപ്പിക്കും. അതുകൊണ്ട് ബാറ്റു ചെയ്യുന്നവർ ക്രീസ് വിട്ടിറങ്ങി അടിക്കാൻ നോക്കും. പക്ഷെ ' കീപ്പറുടെ സ്റ്റംപിങ്ങിന് ഇരയാകും. ലോകകപ്പിൽ ഓസ്ട്രേലിയ്ക്ക് എതിരെയും കണ്ടു ഇത്തരം ചില നമ്പരുകൾ. ബംഗ്ലദേശിനെതിരെ അരങ്ങേറിയ പൂനം ലോക കപിൽ അടുത്തതായി കളിക്കുന്നത് ബം‌ഗ്ലദേശിനെതിരെയാണ്.