മിന്നല്‍ നീക്കങ്ങള്‍; ആസ്വാദ്യമായ പദചലനങ്ങള്‍; ‘പറന്നു’മറഞ്ഞത് ഇതിഹാസം

'ജെവി ടീം, ലെയ്ക്കേഴ്സിന്റെ കുപ്പായമിട്ടാല്‍ അവരൊന്നും കൊബെ ബ്രയന്റ് ആവില്ല'.  ഒരിക്കല്‍ ഐസിസിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ആദ്യപ്രതികരണമായിരുന്നു അത്. ആ വാചകത്തിലുണ്ട് എന്‍.ബി.എയില്‍, ലോക ബാസ്ക്കറ്റ് ബോള്‍ ചരിത്രത്തില്‍ കൊബെ ബ്രയന്റ് എന്ന കളിക്കാരന്റെ ശക്തിയും സ്വാധീനവും.

  

ഹെലികോപ്ടര്‍ അപടകടത്തില്‍ ബ്രയന്റ് ഇല്ലാതായപ്പോള്‍ ചരിത്രത്തിന് നഷ്ടമായത് ഒരു ഇതിഹാസകളിക്കാരന്‍ കൂടിയാണ്.

മൈക്കിള്‍ ജോര്‍ദ്ദാന്‍, ഷാക്വിലെ ഒ നീല്‍, ലെബ്രോണ്‍ ജയിംസ്...

ബാസ്ക്കറ്റ് ബോളില്‍ ഇവര്‍ക്കിടയില്‍ ഇടംപിടിച്ച ഇതിഹാസമാണ്  കൊബെ ബ്രയന്റ് . അഞ്ചുതവണ എന്‍.ബി.എ ചാമ്പ്യന്‍. 18തവണ ഓള്‍സ്റ്റാര്‍ പുരസ്കാരം. മോസ്റ്റ് വാല്യുബിള്‍ പ്ലയര്‍. അമേരിക്കന്‍ ടീമിനൊപ്പം രണ്ടുവട്ടം ഒളിംപിക് സ്വര്‍ണം. 20വര്‍ഷം ഒന്നാം നമ്പര്‍ പ്രൊഫഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടിം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സ് ടീം അംഗം.  ഇതിഹാസമെന്ന വിശേഷണം കളിയിലൂടെ അന്വര്‍ഥമാക്കി ബ്രയന്റ്. മിന്നല്‍ നീക്കങ്ങളും, ആസ്വാദ്യമായ പദചലനങ്ങളുമായിരുന്നു ബ്രയന്റിന്റെ ശക്തി. 

ചടുല നീക്കങ്ങളിലൂടെ എതിരാളികളെ വെട്ടിയൊഴിഞ്ഞ് ബാസ്ക്കറ്റില്‍ പന്ത് ഉയര്‍ത്തിനിക്ഷേപിച്ച ശേഷം സഹകളിക്കാര്‍ക്കിടയിലേയ്ക്ക് ചിരിച്ചും അട്ടഹസിച്ചും ഓടിയെത്തി സന്തോഷം പ്രകടിപ്പിച്ചൊരാള്‍. ഗ്യാലറിയെ എല്ലായ്പ്പോഴും ത്രസിപ്പിച്ചു ബ്രയന്റിന്റെ കളിക്കളത്തിലെ ഓരോ നീക്കങ്ങളും, സാന്നിധ്യം പോലും. 2003ല്‍ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ പോലും ബ്രയന്റിന് ആരാധക പിന്തുണ കുറഞ്ഞില്ല.

ഇതിഹാസനിരയിലെ ഒരാള്‍ 41ആം വയസില്‍ ഇല്ലാതായിരിക്കുന്നു.

മുഹമ്മദ് അലി, ടോമി സ്മിത്ത്, ജോണ്‍ കാര്‍ലോസ്, മൈക്കിള്‍ ജോണ്‍സണ്‍... അമേരിക്കയില്‍ നിന്ന് കളിക്കളത്തില്‍ കറുപ്പിന്റെ കരുത്തും അഴകും പോരാട്ടചരിത്രവും ലോകത്തിന് നല്‍കിയവര്‍. കളിക്കളത്തില്‍ കറുപ്പിന്റെ കളിയഴകില്‍ ഗ്യാലറിയെ ത്രസിപ്പിച്ച ഒരാള്‍ കൂടി അരങ്ങൊഴിഞ്ഞിരിക്കുന്നു.