വിമർശനങ്ങളിൽ തളരുന്ന പ്രായം ഞാൻ കടന്നു; കുടുംബത്തെ വെറുതെ വിടൂ: രോഹിത്

വിമർശനങ്ങൾ കൊള്ളാനും തള്ളാനുമുള്ള കരുത്തും പക്വതയും തനിക്കുണ്ടെന്നും എന്നാൽ തന്റെ കുടുംബത്തെ ആരോപണങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പിനിടെയുണ്ടായ സംഭവങ്ങളെക്കുറിച്ചാണ് മാസങ്ങൾക്കു ശേഷം താരം മനസ്സു തുറന്നത്. ലോകകപ്പിനിടെ രോഹിതിന്റെ ഭാര്യ റിതിക, ബിസിസിഐ അനുവദിച്ചതിലും കൂടുതൽ സമയം ഇംഗ്ലണ്ടിൽ താമസിച്ചെന്ന് വാർത്തകളുണ്ടായിരുന്നു.

‘‘കുടുംബം ഞങ്ങളോടൊപ്പം നിൽക്കുന്നത് ‍ഞങ്ങളെ പിന്തുണയ്ക്കാനാണ്. കഥകൾ കെട്ടിച്ചയ്ക്കുന്നത് ആരായാലും അതു മനസ്സിലാക്കണം. വിരാട് കോലിക്കും എന്റെ അതേ അഭിപ്രായമായിരിക്കും എന്നാണ് എന്റെ വിശ്വാസം.’’– രോഹിത് പറഞ്ഞു. രോഹിതിന്റെ ഭാര്യ റിതികയും കോലിയുടെ ഭാര്യ അനുഷ്കയും തമ്മിൽ പിണക്കമുണ്ടെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.

ഭാര്യ റിതികയും മകൾ സമെയ്റയും ജീവിതത്തിലേക്കു വന്നതോടെ താൻ ഒരു പുതിയ മനുഷ്യനായി മാറിയെന്നും രോഹിത് പറഞ്ഞു. ‘എന്നെക്കുറിച്ച് മറ്റുള്ളവർ പറയുന്ന അനാവശ്യ കമന്റുകൾക്ക് ഞാനിപ്പോൾ മനസ്സു കൊടുക്കാറില്ല. ആ പ്രായം ഞാൻ‌ കടന്നു കഴിഞ്ഞു. ക്രിക്കറ്റ് ഇല്ലെങ്കിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ താൽപര്യപ്പെടാറുള്ളത്. അവർ എനിക്ക് സ്നേഹവും സന്തോഷവും തരുന്നു..’’– രോഹിത് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ച് അനാവശ്യമായി ചിന്തിച്ചു തല പുകയ്ക്കുന്നത് താൻ നിർത്തിയെന്നും രോഹിത് പറ‍ഞ്ഞു. ‘‘കളി ആസ്വദിക്കാൻ തീരുമാനിച്ചു. സഹതാരങ്ങളോടൊപ്പം ഗ്രൗണ്ടിൽ ചിലവഴിക്കുന്ന നിമിഷങ്ങളും. അതോടെ കളിയും മെച്ചപ്പെട്ടു..’’–രോഹിത് കൂട്ടിച്ചേർത്തു.