ധോണി അതിന് വിരമിച്ചിട്ടില്ലല്ലോ; ട്വന്റി–20 ലോകകപ്പിൽ കളിച്ചേക്കുമെന്ന് ബ്രാവോ

ധോണി ട്വന്റി–20  ലോകകപ്പിൽ കളിച്ചേക്കുമെന്ന സൂചനകൾ നൽകി വിൻഡീസ് ഓൾ റൗണ്ടർ ഡ്വെയ്ൻ ബ്രാവോ. ധോണി വിരമിക്കൽ പ്രഖ്യാപിക്കാത്തിടത്തോളം അഭ്യൂഹങ്ങൾക്ക് സ്ഥാനമില്ല. ക്രിക്കറ്റിന് പുറത്തുള്ള കാര്യങ്ങൾ ഒരിക്കലും തന്നെ സ്വാധീനിക്കാൻ അദ്ദേഹം അനുവദിക്കാറില്ല. ഭയപ്പെടാതെ സ്വന്തം കഴിവുകളിൽ വിശ്വസിക്കാനുള്ള ആത്മവിശ്വാസം ധോണിയിൽ നിന്നാണ് പഠിച്ചതെന്നും ബ്രാവോ പറയുന്നു. വിൻഡീസ് ടീമിലേക്ക് മടങ്ങി വരാനുള്ള താത്പര്യവും ബ്രാവോ പ്രകടിപ്പിച്ചിരുന്നു.

ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ടതോടെയാണ് ധോണി ടീമിൽ നിന്ന് സ്വയം അവധിയെടുത്തത്. തുടർന്നുള്ള പരമ്പരകളിലും തിരിച്ചെത്താതിരുന്നതോടെ താരം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നു. ധോണി ചെറുപ്പക്കാർക്കായി വഴിമാറി കൊടുക്കണമെന്ന  ആവശ്യവും ഉയർന്നുവന്നു.

ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പരസ്യമായി ധോണിയെ പിന്തുണച്ചെത്തി. ധോണിയെ വെറുതേ വിടണമെന്നും കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടെന്നും ഗാംഗുലി മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വന്റി–20 ലോകകപ്പിൽ കൂൾ കൂളായി ധോണി തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ ബ്രാവോയും പങ്കുവയ്ക്കുന്നത്.