ബാറ്റ്സ്മാന്‍മാര്‍ക്ക് അടിച്ച് തകര്‍ക്കാം; റണ്ണൊഴുകും പിച്ച്; കാര്യവട്ടത്ത് കളി മുറുകും

തിരുവനന്തപുരം കാര്യവട്ടത്ത് നടക്കുന്ന ഇന്‍ഡ്യ–വെസ്റ്റിന്‍ഡീസ് ട്വന്റി ട്വന്റിക്കായി തയാറാക്കുന്നത് റണ്ണൊഴുകുന്ന പിച്ച്. ഇരുന്നൂറിന് മുകളില്‍ സ്കോറുയരുമെന്ന് പിച്ച് പരിശോധിച്ച ബി.സി.സി.ഐ സംഘം വിലയിരുത്തി. മഴ പെയ്താല്‍ പോലും വേഗത്തില്‍ പിച്ച് ഉണക്കിയെടുക്കാവുന്ന സംവിധാനങ്ങളും തയാറായി.

കോലിപ്പട കാര്യവട്ടത്തേക്ക് വീണ്ടുമെത്തുമ്പോള്‍ എല്ലാവരും ആഗ്രഹിക്കുന്നത് ബാറ്റിങ് വെടിക്കെട്ടാണ്. കഴിഞ്ഞ രണ്ട് മല്‍സരത്തിലും ജയത്തോടെയാണ് ഇന്ത്യ മടങ്ങിയെങ്കിലും മല്‍സരം തണുപ്പനായിരുന്നു. 

 2018ല്‍ നടന്ന ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞിട്ട് 15 ഓവറിന്‍ ഇന്ത്യ ജയംതൊട്ടപ്പോള്‍ മല്‍സരം മൂന്ന് മണിക്കൂര്‍ കൊണ്ട് അവസാനിച്ചു. ഈ മല്‍സരത്തില്‍ രോഹിത് ശര്‍മ അടിച്ചെടുത്ത 63 റണ്‍സ് മാത്രമാണ് ഇതുവരെയുള്ള ഗ്രീന്‍ഫീല്‍ഡിലെ ആവേശക്കാഴ്ച. കഴിഞ്ഞ രണ്ട് തവണത്തെയും നഷ്ടങ്ങള്‍ നികത്താനായി ബാറ്റ്സ്മാന്‍മാര്‍ക്ക് അടിച്ച് തകര്‍ക്കാവുന്ന വിക്കറ്റാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

പിച്ചില്‍ നിന്ന് പുല്ല് പൂര്‍ണമായും നീക്കം ചെയ്തതിനാല്‍ ഫാസ്റ്റായാലും സ്പിന്നായാലും ബോളര്‍മാര്‍ കഷ്ടപ്പെടേണ്ടിവരും.കോലിയും രോഹിതുമൊക്കെ ഫോമായാല്‍ സ്കോര്‍ ഇരുന്നൂറിന് മുകളിലേക്ക് പറക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല. വെസ്റ്റിന്‍ഡീസും അതേനാണയത്തില്‍ കളിച്ചാല്‍ ക്രിക്കറ്റ് പൂരത്തിനാകും അരങ്ങൊരുകുക.