റിലേയിൽ പൊന്നിൻ കുതിപ്പുമായി വയനാട്; തകർന്നത് 18 വർഷത്തെ റെക്കോർഡ്

4x 100 മീറ്റർ റിലേയിൽ സബ് ജൂനിയർ ആൺകുട്ടികളിൽ 18 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് വയനാടിന് സ്വർണം. ആറ് സ്വർണവും ആറു ജില്ലകൾ പങ്കിട്ടപ്പോൾ ഒരു സ്വർണം അടക്കം 4 മെഡലുകൾ നേടി പാലക്കാടും കോട്ടയവും കരുത്തുകാട്ടി . ഒരു വെങ്കലം മാത്രം നേടിയ എറണാകുളം റിലേയിൽ തകർന്നടിഞ്ഞു . 18 വർഷം പഴക്കമുള്ള തിരുവനന്തപുരത്തിന്റെ 4x100 മീറ്റർ റിലേ റെക്കോർഡിന് അപ്രതീക്ഷിത അവകാശികളായി വയനാട് .47.44 സെക്കന്റിലാണ് വയനാട് സ്വർണത്തിലേക്കു ഓടിക്കയറിയത് .

സബ് ജൂനിയർ പെൺകുട്ടികളിൽ ഉഷ സ്കൂളിന്റെ കരുത്തിൽ കോഴിക്കോട് ഒന്നാമതെത്തി . ജൂനിയർ പെൺകുട്ടികളിൽ പാലക്കാടിനെയും കോട്ടയത്തെയും ഞെട്ടിച്ചു കൊല്ലം ആദ്യം ഫിനിഷിങ് പോയിന്റ് കടന്നു. ജൂനിയർ ആൺകുട്ടികളിൽ പാലക്കാടിനെ അവസാന ലാപ്പിൽ പിന്തള്ളി ത്രിശൂർ പൊന്നണിഞ്ഞു. 

സീനിയർ പെൺകുട്ടികളിൽ കോട്ടയം സ്വർണവും തൃശ്ശൂർ വെള്ളിയും കോഴിക്കോട് വെങ്കലവും ഉറപ്പിച്ചു. സീനിയർ ആൺകുട്ടികളിൽ നിന്നാണ് പാലക്കാടിന് ആദ്യ സ്വർണം ലഭിച്ചത് . എറണാകുളം വെല്ലുവിളി ആകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തിരുവനന്തപുരത്തിന് പിന്നിൽ മൂന്നാമതായി .