സെലക്ടർമാർ ഇത് കാണുന്നില്ലേയെന്ന് തരൂർ; സജ്ജുവിന് ഉടൻ അവസരം നൽകണമെന്ന് ഗംഭീർ

വിജയ് ഹസാരെ ട്രോഫിയില്‍ പുറത്താകാതെ ഡബിൾ സെഞ്ച്വറി നേടിയ സഞ്ജു വി സാംസണ് അഭിനന്ദനപ്രവാഹം. സഞ്ജുവിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉള്‍പ്പെടുത്തണമെന്ന പരോക്ഷമായ ആവശ്യവുമായി എംപി ശശി തരൂരും ഇന്ത്യൻ മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറും രംഗത്ത്. സ്വന്തം കഴിവു കൊണ്് പേസർമാർക്കെതിരെ മികച്ച പ്രകടവനം കാഴ്ച വെയ്ക്കുന്ന സഞ്ജു എത്രയും വേഗം അവസരം അർഹിക്കുന്നുണ്ടെന്ന് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. 

സഞ്ജുവിന്റെ കളി സെലക്ടര്‍മാര്‍ കാണുന്നില്ലേ എന്ന് ശശി തരൂരും ട്വീറ്റ് ചെയ്തു. 

വിജയ് ഹസാരെ ഏകദിനക്രിക്കറ്റില്‍  ചരിത്രം കുറിച്ചാണ് സഞ്ജു ഇരട്ടസെഞ്ചുറി നേടിയത്. ഗോവയ്ക്കെതിെര 212 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജു ഏകദിന ക്രിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന ലോകറെക്കോര്‍ഡും സ്വന്തമാക്കി. സഞ്ജുവിന് പിന്നാലെ സച്ചിന്‍ ബേബിയും സെഞ്ചറി നേടിയതോടെ ഗോവയ്ക്കെതിരെ കേരളം മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു.

ദേശീയ സിലക്ടര്‍മാരെ സാക്ഷി നിര്‍ത്തിയാണ് വിജയ് ഹസാരെയില്‍ ഗോവയ്ക്കെതിരെ സ‍ഞ്ജുവിന്റെ ഇരട്ട പ്രഹരം. 66 പന്തില്‍ നിന്ന്  വിജയ് ഹസാരെ  കരിയറിലെ ആദ്യ സെഞ്ചുറി തികച്ച സഞ്ജു 59 പന്തില്‍ നിന്നാണ് ശേഷിച്ച 100 റണ്‍സ് അടിച്ചെടുത്തത്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരവും രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് സഞ്ജു. 10 സിക്സും 21 ഫോറുമടങ്ങുന്നതാണ് സ‍ഞ്ജുവിന്റെ അപരാജിത ഇന്നിങ്സ്. 135 പന്തില്‍ 127 റണ്‍സെടുത്ത് സച്ചിന്‍ ബേബി സഞ്ജുവിന് പിന്തുണ നല്‍കി.