ദക്ഷിണാഫ്രിക്കൻ താരത്തെ തോളിനിടിച്ചു; കോലിക്ക് താക്കീതുമായി ഐസിസി

ദക്ഷിണാഫ്രിക്കൻ താരവുമായി കളിക്കളത്തിൽ ഉരസിയതിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ഐസിസിയുടെ താക്കീത്. ബംഗളുരുവിൽ ഞായറാഴ്ച നടന്ന ട്വന്റി-20 മത്സരത്തിനിടെയാണ് ദക്ഷിണാഫ്രിക്കൻ ബൗളറായ ബ്യൂറൻ ഹെൻട്രിക്സിന്റെ തോളിൽ കോലി മനപൂർവം ചെന്നിടിച്ചത്.. ഐസിസിയുടെ ലെവൽ ഒന്ന് ചട്ടം കോലി ലംഘിച്ചുവെന്നും ഒരു ഡീമെറിറ്റ് പോയിന്റ് നൽകുമെന്നും കൗണ്‍സിൽ വ്യക്തമാക്കി. കളിക്കാരനെയോ, സഹായികളെയോ, അംപയറിനെയോ റഫറിയെയോ ശാരീരികമായി ആക്രമിക്കുന്നവയാണ് ലെവൽ ഒന്നിൽ പെടുത്തിയിരിക്കുന്ന കുറ്റങ്ങൾ. 

2016 ലാണ് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഡിമെറിറ്റ് പോയിന്റ് നൽകുന്ന സംവിധാനം ഐസിസി കൊണ്ട് വന്നത്. ഇതിനകം മൂന്ന് ഡീ-മെറിറ്റ് പോയിന്റുകളാണ് കോലിക്ക് ലഭിച്ചത്. ഇതിൽ രണ്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്. ലോകകപ്പ് മത്സരത്തിനിടെ അഫ്ഗാനിസ്ഥാനെതിരെയാണ് ഒരു തവണ ഡീമെറിറ്റ് പോയിന്റ് ലഭിച്ചത്. 

 ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരമാണ് ബംഗളുരുവിൽ നടന്നത്. ഇതിൽ ഇന്ത്യയെ ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.