വിജയക്കണക്കിൽ മുന്നിൽ രവിശാസ്ത്രി; കോച്ചായി തുടർന്നേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ചത് 2000 പേര്‍ . എന്നാല്‍ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന.  ട്വന്റി–20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കുന്നതിലാണിത്. ബോളിങ് കോച്ച് ഭരത് അരുണിനേയും നിലനിര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ടുകള്‍. മുന്‍ ഇന്ത്യന്‍ താരം  വെങ്കിടേശ് പ്രസാദും ബോളിങ് പരിശീലകനാകാന്‍ അപേക്ഷിച്ചിട്ടുണ്ട്.

ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ  നേടിയ ചരിത്രജയവും രണ്ട് ഏഷ്യാകപ്പ്  കിരീടവുമാണ് ശാസ്ത്രിക്ക് പിടിവള്ളിയായത്. 70 ലധികം വിജയശതമാനമുള്ളതും പരിശീലകന് തുണയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  നായകന്‍ കോലിയടക്കമുള്ളവരുടെ പൂര്‍ണ പിന്തുണ ശാസ്ത്രിക്കുണ്ട്. ശാസ്ത്രി മുഖ്യ പരിശീകനായി തുടര്‍ന്നേയ്ക്കുമെന്ന് പരിശീലകനെ തിരഞ്ഞെടുക്കാനുള്ള സമിതി അംഗം അന്‍ഷുമാന്‍ ഗേക്ക്്വാദടക്കമുള്ളവര്‍ അടുത്തിടെ പറഞ്ഞിരുന്നു. ബോളിങ് കോച്ചായി ഭരത് അരുണ്‍ തുടര്‍ന്നേക്കും. 

എന്നാല്‍ ബാറ്റിങ് കോച്ച് സഞ്ജയ് ഭംഗാര്‍ പുറത്താകാനാണ് സാധ്യത. മികച്ച മധ്യനിരയെ വാര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം കണക്കിലെടുത്ത് 45 ദിവസത്തേക്ക് നിലവിലെ പരിശീലകര്‍ക്ക് കരാര്‍ നീട്ടിനല്‍കുകയിട്ടുണ്ട്.   ജൂലൈ 30 വരെയായിരുന്നു  പരിശീലകരാകാന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ടോം മൂഡി, മഹേല ജയവര്‍ധനെ, മൈക്ക് ഹെസന്‍ തുടങ്ങിയ പ്രമുഖര്‍ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കപില്‍ ദേവ് അധ്യക്ഷനായ സമിതിയാണ് കോച്ചിനെ തിരഞ്ഞെടുക്കുക. ഈ മാസം 13–14 തീയതികളിലാകും അഭിമുഖം.