ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പുമായി ഐസിസി; ആഷസോടെ തുടക്കം

പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഐസിസി പ്രഖ്യാപിച്ചു.  ആഷസ് പരമ്പരയോടെ ടൂര്‍ണമെന്റിന് തുടക്കമാകും. എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ–പാക് പോരാട്ടം ഉണ്ടാകില്ല.

ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റനില്‍ ലോകചാംപ്യന്‍മാരായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നതോടെയാണ് ചാംപ്യന്‍ഷിപ്പിന് തുടക്കം കുറിക്കുക. ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യഒന്‍പത് സ്ഥാനക്കാരാണ് ടൂര്‍ണമെന്റിനുള്ളത്. ഓരോ ടീമും ആറ് പരമ്പരകള്‍ കളിക്കും. ഹോം–എവേ അടിസ്ഥാനത്തിലാണ് മല്‍സരങ്ങള്‍.  ആകെ 72  മല്‍സരങ്ങളാണ് ഉള്ളത്.  

120 പോയിന്റാണ് ഓരോ പരമ്പരയ്ക്കും നല്‍കുക. ആദ്യരണ്ട് സ്ഥാനക്കാര്‍ ഫൈനലില്‍ എത്തും. 2021 ജൂണിലാണ് കലാശപ്പോരാട്ടം. ലോകകപ്പിലേതുപോലെ ഇന്ത്യ–പാക് പോരാട്ടം ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഉണ്ടാകില്ല. ഇരുടീമും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പര കളിക്കാറില്ലാത്തതിനാലാണ് ഈ തീരുമാനം. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. രണ്ട് മല്‍സരങ്ങളാണ്  പരമ്പരയിലുള്ളത്.