ഇംഗ്ലണ്ടോ? കിവീസോ, ആരാകും ചാമ്പ്യൻമാർ; ആകാംക്ഷയോടെ കായിക ലോകം

കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍മാരായ ഒയിന്‍ മോര്‍ഗനും കെയിന്‍ വില്യംസണും. രാജ്യത്തിനായി ആദ്യമായി ഏകദിന ലോകകപ്പ് നേടുന്ന നായകരെന്ന ബഹുമതിയാണ് ഇരുവരെയും കാത്തിരിക്കുന്നത്. 

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ 44 വര്‍ഷത്തെ ചരിത്രത്തില്‍ ഒരു ലോക കിരീടം സ്വന്തമായില്ലാത്ത കുറവ് പരിഹരിക്കാനാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇറങ്ങുന്നത്.  ഫൈനലാണെന്ന് കരുതി അധികം ടെന്‍ഷനടിക്കാതെ മറ്റൊരു മല്‍സരം പോലെ തന്നെ ഈ കളിയെയും കാണാനാണ് ഇരുവരും ഇഷ്ടപ്പെടുന്നത്.  ഫൈനലില്‍ ന്യൂസിലന്‍ഡ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നതെന്നു മോര്‍ഗന്‍ പറഞ്ഞു

ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‌ മികച്ച ഫോമിലാണ് ഇംഗ്ലണ്ട് കളിക്കുന്നതെന്നും, എന്നാല്‍ ഫൈനലില്‍ തങ്ങളുടെ സ്വാഭാവിക കളി കാഴ്ച വയ്ക്കാനാകും ശ്രമിക്കുകയെന്നും വില്യംസണ്‍ വ്യക്തമാക്കി. സ്വന്തം നാട്ടില്‍, ലോര്‍ഡ്സില്‍ കിരീടം ഉയര്‍ത്തുന്നത് മഹത്തായ അനുഭവമാകുമെന്ന് ഒയിന്‍ മോര്‍ഗന്‍ പറയുന്നു.

വളര്‍ന്നു വരുന്ന തലമുറയ്ക്ക് അഭിമാനവും പ്രോല്‍സാഹനവും പകരാന്‍ ലോക കിരീടത്തിനാകുമെന്നാണ് കെയന്‍ വില്യംസണിന്റെ പ്രതീക്ഷ. ചരിത്രം തിരുത്താന്‍ ഇരു നായകന്‍മാരും കച്ച കെട്ടുമ്പോള്‍ ലോര്‍ഡ്സില്‍ പോരാട്ടം മുറുകുമെന്നുറപ്പ്.