കണക്കിൽ പിഴച്ച് കിവികൾ; സെമിയിൽ ആറ് വട്ടവും തോറ്റു

ലോകകപ്പ് സെമിയില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുന്ന ന്യൂസീലന്‍ഡിന് ഒട്ടും ആത്മവിശ്വാസം നല്‍കുന്നതല്ല ചരിത്രം. ഏഴ് തവണ സെമിയിലെത്തിയപ്പോള്‍ ആറ് വട്ടവും തോറ്റു.

1975–ലെ ആദ്യലോകകപ്പില്‍ തന്നെ കിവീസ് സെമയിലെത്തിയിരുന്നു. എന്നാല്‍ തീര്‍ത്തും ഏകപക്ഷീയമായ സെമിയില്‍ ക്ലീവ് ലോയ്ഡിന്റെ വിന്‍ഡീസ് കിവികളുടെ ചിറകരിഞ്ഞ് ഫൈനലിലെത്തി. പിന്നെ കന്നിക്കിരീടവും. 79-ലും അവര്‍ സെമിയിലെത്തി. എന്നാല്‍ അത്തവണ ഇംഗ്ലണ്ടിന് മുന്നില്‍ അടിയറവ് പറഞ്ഞു. 92–ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പിലാണ് പിന്നെ ന്യൂസീലന്‍ഡ് ആദ്യനാലില്‍ എത്തിയത്. അന്ന് വഴിമുടക്കിയത് പാക്കിസ്ഥാന്‍.

99–ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും ബ്ലാക് ക്യാപ്സ് സെമിയിലെത്തി. അന്ന് പാക് പട ക്ലീന്‍ ബൗള്‍ഡ് ചെയ്തു.2007 ലോകകപ്പിലാണ് പിന്നെ ന്യൂസീലന്‍ഡ് സെമി കണ്ടത്. ശ്രീലങ്കയായിരുന്നു ഇക്കുറി സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞത്. 2007 ന്റെ തനിയാവര്‍ത്തനമായിരുന്നു ഇന്ത്യയില്‍ നടന്ന 2011 ലോകകപ്പ്. പക്ഷേ അപ്പോഴും വിധി തിരുത്തിയെഴുതാന്‍ ന്യൂസീലന്‍ഡുകാര്‍ക്കായില്ല. ലങ്കന്‍ കരുത്തിന് മുന്നില്‍ അവര്‍ കീഴടങ്ങി.

ഓസ്ട്രേലിയയ്ക്കൊപ്പം ആതിേഥയത്വം വഹിച്ച കഴിഞ്ഞ ലോകകപ്പിലാണ് ന്യൂസിലന്‍ഡ് സെമി കടമ്പ കടന്നത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് ഫൈനലിലെത്തി. പക്ഷേ കന്നിക്കീരടമെന്ന മോഹം മൈക്കേല്‍ ക്ലാര്‍ക്കും സംഘവും തച്ചുടച്ചു കളയുകയായിരുന്നു.