അന്ന് ലോകകപ്പ് ഒന്നാക്കി ; ഇന്ന് മടക്കം കണ്ണീരോടെ, നിര്‍ഭാഗ്യമൊഴിയാതെ ദക്ഷിണാഫ്രിക്ക

നെല്‍സന്‍ മണ്ടേല ഒരു ലോകകപ്പിലൂടെ ഒരുമിപ്പിച്ച ജനതയാണ് ദക്ഷിണാഫ്രിക്ക. ഒരേ  ദേശീയഗാനവും  ദേശീയപതാകയും ആദ്യമായി വെള്ളക്കാരും കറുത്തവനും ഒരേമനസോടെ ഉപയോഗിച്ചത് ഒരു ലോകകപ്പിലായിരുന്നു . 1995ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച റഗ്ബി ലോകകപ്പില്‍ . ദക്ഷിണാഫ്രിക്കയുടെ വൈവിധ്യം ഉള്‍ക്കൊള്ളുന്ന പുതിയ ദേശീയ പതാകയും ദേശീയ ഗാനവും വെള്ളക്കാര്‍ പൂര്‍ണമനസോടെ അംഗീകരിച്ചിരുന്നില്ല . വെള്ളക്കാരന്റെ വിനോദമായ റഗ്ബിയെ കറുത്തവരും പുറത്തുനിര്‍ത്തി. 

1995ല്‍ റഗ്ബി ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ പങ്കെടുത്ത ദക്ഷിണാഫ്രിക്കന്‍ ടീമല്‍ കറുത്തവര്‍ഗക്കാരനായ ഒരു താരം മാത്രമാണുണ്ടായിരുന്നത് . ചെസ്റ്റര്‍ വില്യംസ്. ചെസ്റ്ററിനുവേണ്ടി ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാര്‍ റഗ്ബിയെ സ്നേഹിച്ചുതുടങ്ങി.  രാജ്യത്തെ ഒരുമിപ്പിക്കാന്‍ ഈ ലോകകപ്പിനാകുമെന്ന് മനസിലാക്കിയ മണ്ടേല  പുതിയ ദേശീയ ഗാനം പഠിക്കാന്‍ ടീമംഗങ്ങളോട് ആവശ്യപ്പെട്ടു . ക്യാപ്റ്റന്‍ ഫ്രാന്‍സോയിസ്‍ പീനറിന്റെ പൂര്‍ണപിന്തുണയും മണ്ടേലയ്ക്കുണ്ടായിരുന്നു . കറുത്തകുതിരകളായി ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയുടെ മല്‍സരം കാണാന്‍  പച്ചതൊപ്പിയും പച്ച് ജേഴ്സിയുമണിഞ്ഞ്  മണ്ടേലയും അന്ന് മൈതാനത്തെത്തി . മണ്ടേലയെ സാക്ഷിനിര്‍ത്തി അന്ന് ആദ്യമായി കറുത്തവനും വെളുത്തവനും ഒരേ ദേശീയഗാനം പാടി. ഒരേ പതാക വീശി  ആര്‍ത്തുവിളിച്ചു . ആ ഫൈനലിൽ ന്യൂസീലന്‍ഡിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക റഗ്ബി ലോകചാംപ്യന്‍മാരായി .  

പക്ഷേ റഗ്ബി ലോകകപ്പിലെ ഈ ഭാഗ്യം ക്രിക്കറ്റ് ലോകകപ്പില്‍ ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയെ പിന്തുണച്ചില്ല .  92ലെ ആദ്യ ലോകകപ്പുമുതല്‍ 2015 ലോകകപ്പ് വരെ ആഫ്രിക്കകാര്‍ക്കൊപ്പം നിര്‍ഭാഗ്യവും ഇന്നിങ്സ് ഓപ്പണ്‍ ചെയ്തു .  92 ല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരം മഴ മുടക്കിയ ശേഷം ബിഗ്സ്ക്രീനില്‍ തെളിഞ്ഞത് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ ഒരുപന്തില്‍ 22 റണ്‍സെന്നായിരുന്നു . 99ല്‍ ഓസ്ട്രേലിയക്കെതിരെ സെമിഫൈനലില്‍ സമനില വഴങ്ങി പുറത്തേയ്ക്ക്.  ഇത്തവണ ലോര്‍ഡ്സില്‍ കപ്പുയര്‍ത്താന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ആഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലിസിയുമുണ്ടായിരുന്നു . ആദ്യമല്‍സരത്തില്‍ ഇംഗ്ലണ്ടിനോടും പിന്നാലെ ബംഗ്ലദേശിനോടും  തോറ്റപ്പോഴും മണ്ടേലയുടെ പിന്‍മുറക്കാര്‍  തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചു ആരാധകര്‍ .  തുടർ തോൽവികള്‍ക്കൊപ്പം പരുക്കും ആഫ്രിക്കന്‍ സ്വപ്നങ്ങള്‍ക്കുമേല്‍ ഇരുട്ട് പടര്‍ത്തി. ഒടുക്കം ലോര്‍ഡ്സില്‍ കപ്പുയര്‍ത്തുമെന്ന് പ്രതീക്ഷിച്ച നായകന്‍ ലോര്‍ഡ്സില്‍ തോറ്റ് ലോകകപ്പിൽ നിന്നും പുറത്താവുകയാണ്.