കൂവിത്തോൽപ്പിക്കാനാകില്ല; ഇംഗ്ളണ്ടിലെ കാണികളോടു സ്മിത്ത്

പന്ത് ചുരണ്ടൽ വിവാദത്തിലൂടെ ക്രിക്കറ്റിൽ കറുത്ത കറ പുരട്ടിയ ഓസ്ട്രേലിയൻ ടീമിനോടു പൊറുക്കാൻ ഇംഗ്ളണ്ടിലെ കാണികൾക്കു സാധിക്കുന്നില്ല. ഒരു വർഷത്തെ വിലക്കിനു ശേഷം ഓസ്ട്രേലിയൻ ടീമിലേക്കു തിരിച്ചെത്തിയ ഡേവിഡ് വാർണർക്കും സ്റ്റീവ് സ്മിത്തിനും കാണികളുടെ കൂവലാണ് നേരിടേണ്ടി വന്നത്.  സന്നാഹമത്സരത്തിൽ ഇംഗ്ലണ്ടിനെ നേരിട്ട സ്മിത്ത് (116) സെഞ്ചുറി നേടിയെങ്കിലും കാണികളുടെ പരിഹാസത്തിന് ഒരു കുറവുമുണ്ടായില്ല.  ടെസ്റ്റ് മത്സരത്തിനിടെ പന്തു ചുരണ്ടി കൃത്രിമത്തിനു ശ്രമിച്ചതിനായിരുന്നു ഇരുവരെയും ഒരു വർഷത്തേക്ക് വിലക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ്ക്കായി ആരോൺ ഫിഞ്ചും ഡേവിഡ് വാർണറും ക്രീസിലെത്തുമ്പോൾ തന്നെ കൂവൽ തുടങ്ങി. 17–ാം ഓവറിൽ വാർണർ (43) ഔട്ടായപ്പോൾ പകരമെത്തിയത് സ്മിത്ത്. അപ്പോഴും കാണികൾ കൂവൽ തുടർന്നു. ചതിയൻ, വഞ്ചകൻ എന്നൊക്കെ കാണികൾ വിളിച്ചു കൂവി. 

തങ്ങളെ കൂവിത്തോൽപ്പിക്കാനാകില്ലെന്നു കളിയ്ക്കു ശേഷം സ്മിത്ത് പ്രതികരിച്ചു. ബാറ്റിങ്ങിനിറങ്ങിയപ്പോൾ കാണികളുടെ കൂവൽ കേട്ടു. ഇതൊന്നും എന്റെ ചെവിയിൽ കയറില്ല. തല താഴ്ത്തി ക്രീസിലെത്താനാണ് ശ്രമിച്ചത്. ടീം ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിക്കുന്നതിലായിരുന്നു ശ്രദ്ധ. അതിൽ വിജയിക്കുകയും ചെയ്തു. ആത്മവിശ്വാസം വീണ്ടെടുക്കാൻ ഈ പ്രകടനം കൊണ്ടു സാധിച്ചെന്നും സ്മിത്ത് പറഞ്ഞു.