തോൽവിക്കു കാരണം ക്യാപ്റ്റന്റെ തീരുമാനങ്ങളെന്ന് റസ്സൽ; നൈറ്റ് റൈഡേഴ്സിൽ തമ്മിൽത്തല്ല്

തുടർച്ചയായ തോൽവികളെത്തുടർന്ന് കൊൽക്കത്ത നൈറ്റ് ൈറഡേഴ്സിൽ അസ്വസ്ഥത പുകയുന്നു. ടീമിന്റെ കുന്തമുനയായ ആന്ദ്രേ റസ്സൽ സ്വന്തം ടീമിന്റെ നായകനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ടീമിലെ അന്തരീക്ഷം സുഖകരമല്ല. തെറ്റായ ബൗളിങ് തീരുമാനങ്ങളാണ് ക്യാപ്റ്റൻ ദിനേഷ് കാർത്തിക് സ്വീകരിക്കുന്നത്. ഇതാണ് തോൽവിക്കു കാരണം. 

ടീം മികച്ചതാണ്. എന്നാൽ നിർണായക സമയത്ത് തീരുമാനങ്ങളെടുക്കാനുള്ള കഴിവ് നായകനുണ്ടാകണം. തെറ്റായ തീരുമാനങ്ങൾ തോൽവിയിലേക്കു നയിക്കും. റൺസ് വഴങ്ങാതെ കൃത്യതയുള്ള ബൗളറെയാണ് വേണ്ടത്. ഇങ്ങനെയുള്ള ബൗളർമാരെ കൊണ്ടുവന്നിരുന്നെങ്കിൽ തോറ്റ പല കളികളും ജയിക്കാമായിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ 170 റൺസ് പ്രതിരോധിക്കാൻ സാധിച്ചില്ല. മുംബൈ ഇന്ത്യൻസിനെപ്പോലുള്ള ടീമുകളെ നേരിടുമ്പോൾ അത്ഭുതങ്ങൾ കാണിക്കേണ്ടി വരും. ബാറ്റിങ് നിര മികച്ചതാണ്. എന്നാൽ ബൗളിങ് ദുർബലമെന്നും റസ്സൽ കുറ്റപ്പെടുത്തി. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റസ്സൽ. 11 മത്സരങ്ങളിൽ നിന്നായി 406 റൺസും എട്ടും വിക്കറ്റുകളും ഈ താരം നേടിയിട്ടുണ്ട്. 11 കളികളിൽ നിന്നായി എട്ടു പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ആറു മത്സരങ്ങൾ തോറ്റു. ഇനി മൂന്നു കളികൾ മാത്രമേ ശേഷിക്കുന്നുള്ളൂ.