പരാഗിന്റെ നാടകീയ പുറത്താകൽ, തലയിൽ കൈ വച്ച് സ്മിത്ത്; വിഡിയോ

ഐപിഎൽ എന്നാൽ പുത്തൻ താരോദയങ്ങൾക്കുള്ള വേദി കൂടിയാണ്. രാജസ്ഥാൻ റോയൽസ് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിലും കണ്ടു ആളിക്കത്താൻ പോകുന്ന ഒരു താരത്തെ. റിയാൻ പരാഗ് എന്ന പതിനേഴുകാരൻ. രാജസ്ഥാൻ റോയൽസസിന്റെ ഈ കൗമാരക്കാരൻ ഭാവിയുടെ വാഗ്ദാനമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.

ഇന്നലെ റോയൽസിന്റെ വിജയത്തിൽ നിർണായക പങ്കാണ് താരം വഹിച്ചത്. ജയിക്കാൻ 176 റൺസ് വേണ്ടിയിരുന്ന റോയൽസ് ഒരു ഘട്ടത്തിൽ 98 ന് അഞ്ചു വിക്കറ്റെന്ന നിലയിലായിരുന്നു. പ്രതിരോധത്തിലായ റോയൽസിനെ വാലറ്റത്തിന്റെ സഹായത്തോടെ പരാഗ് മികച്ച നിലയിലെത്തിച്ചു. 31 പന്തുകളിൽ നിന്നും 47 റൺസാണ് താരം നേടിയത്. കൈവിട്ടെന്ന് തോന്നിച്ച മത്സരം തിരിച്ചു പിടിച്ചതിൽ നിർണായക പങ്കാണ് പരാഗ് വഹിച്ചത്.

എങ്കിലും നിർഭാഗ്യത്തിന്റെ ശാപം കൂടി താരത്തിനു നേരിടേണ്ടി വന്നു.റസ്സലിന്റെ ഓവറിൽ ആഞ്ഞടിക്കാനുള്ള ശ്രമം പാളി. ബാറ്റ് സ്റ്റംമ്പിൽ തട്ടി ബെയ്‌ൽ ഇളകി. പരാഗ് ഹിറ്റ് വിക്കാറ്റായതു കണ്ട് തലയിൽ കൈവച്ച് ഇരിക്കാനേ നായകൻ സ്റ്റീവ് സ്മിത്തിന് ആയുള്ളൂ. എങ്കിലും പന്ത് ബൗണ്ടറി കടന്നത് അൽപം ആശ്വാസം നൽകി. രണ്ടു സിക്സും അഞ്ചു ബൗണ്ടറിയുമാണ് പരാഗ് നേടിയത്. ഒരു സിക്സ് എം.എസ് ധോണിയുടെ ഹെലികോപ്ടർ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

എന്നാൽ ഈ ഷോട്ട് കളിക്കാൻ തനിക്ക് ധോണിയല്ല പ്രചോദനമെന്ന് താരം പറഞ്ഞു. ഈ ഷോട്ട് പരിശീലിക്കാറില്ല. സാഹചര്യത്തിനനുസരിച്ച് കളിച്ചെന്നേയുള്ളൂ. ഇത്തരം ഷോട്ടുകൾക്കു തയ്യാറെടുപ്പ് നടത്തിയിട്ടുമില്ലെന്ന് പരാഗ് പറഞ്ഞു.