ധോണിയുടെ ബാറ്റിങ് വെടിക്കെട്ട് പാഴായി; ബാംഗ്ലൂരിന് ഒരു റണ്ണിന്റെ ത്രസിപ്പിക്കുന്ന ജയം

അവസാന പന്തുവരെ ആവേശം നിറഞ്ഞ മൽസരത്തിൽ ചെന്നൈ സൂപ്പർ കിങ്സി‌നെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു റൺസിന്റെ ആവേശ ജയം. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നായകൻ എം.എസ്. ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിൻബലത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 

ഒരുഘട്ടത്തിൽ നാലിന് 28 റൺസെന്ന നിലയിൽ തകർന്ന ചെന്നൈയെ മൽസരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ധോണിയുടെ ഒറ്റയാൾ പോരാട്ടമാണ്. ധോണി പുറത്താവാതെ 48 പന്തിൽ 84 റൺസെടുത്തു. ഏഴ് സിക്സും അഞ്ച് ഫോറും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്സ്. റായു‍ഡു (29), ജഡേജ (11) റൺെസടുത്തു. മറ്റ് ബാറ്റ്സ്മാൻമാർക്കാർക്കും തിളങ്ങാനായില്ല. ബാംഗളൂരുവിനായി സ്റ്റെയിനും ഉമേഷ് യാദവും രണ്ടും ചഹലും സെയ്നിയും ഒരോ വിക്കറ്റു വീതവും വീഴ്ത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്യാനെത്തിയ ബാംഗ്ലൂർ, നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടിയത്. 37 പന്തിൽ 53 റൺസ് നേടിയ പാർഥിവ് പട്ടേൽ ആണ് ബാംഗ്ലൂർ നിരയിലെ ടോപ് സ്കോറർ.

കഴിഞ്ഞ മൽസരത്തിൽ സെഞ്ചുറി നേടി തകർപ്പൻ പ്രകടനം നടത്തിയ ക്യാപ്റ്റൻ വിരാട് കോഹ്‍ലി കേവലം 9 റൺസിന് പുറത്തായി. ചാഹറിനാണ് വിക്കറ്റ്. 19 പന്തിൽ 25 റൺസ് നേടി എ.ബി. ഡിവില്ലേഴ്സും 24 റൺസുമായി അക്ഷദീപ് നാഥും 16 പന്തിൽ 26 റൺസുമായി മൊയിൻ അലിയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. സ്റ്റോണിസ് (14), പവൻ നഗി (5), ഉമേഷ് യാദവ് (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.

ചെന്നൈയ്ക്കായി രവീന്ദ്ര ജഡേജ, ചാഹർ, ബ്രാവോ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇമ്രാൻ താഹിർ ഒരു വിക്കറ്റും. ഈ സീസണിലെ ഐപിഎല്ലിലെ മറ്റൊരു മനോഹര ക്യാച്ചിനു മൽസരം സാക്ഷിയായി. 17–ാം ഓവറിൽ സ്റ്റോണിസിനെ പുറത്താക്കാൻ ഡുപ്ലെസിസ് നടത്തിയ പ്രകടനമായിരുന്നു ഇത്. ഇമ്രാൻ താഹർ എറിഞ്ഞ ഒാവറിൽ, ബൗണ്ടറി ലൈനിനു സമീപത്തു നിന്നും പന്തു പിടിച്ച ഡുപ്ലസിസ് അടിതെറ്റി വീഴുമ്പോഴേക്കും തൊട്ടടുത്ത് നിന്ന ഡി.ആർ. ഷോറെയുടെ കൈകളിൽ എത്തിച്ചു.